ഗാസിയാബാദ്: പതിമൂന്ന് വര്‍ഷം മുമ്പ് കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് കോമയിലായിരുന്ന 32 വയസ്സുള്ള ഹരീഷ് റാണയ്ക്ക് സുപ്രിംകോടതി ദയാവധം അനുവദിച്ചു.
2018 ലെ സുപ്രിംകോടതി വിധിയുടെ നിരവധി വശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ്മാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. രോഗിയെ പരിശോധിക്കുന്ന മെഡിക്കല്‍ ബോര്‍ഡ്, സുഖം പ്രാപിക്കാനുള്ള സാധ്യത ന്യായമല്ലെന്ന് നിഗമനത്തിലെത്തി ശുപാര്‍ശ ചെയ്താല്‍ മാത്രമേ അത്തരം വൈദ്യസഹായം പിന്‍വലിക്കാന്‍ കഴിയൂ എന്ന് കോടതി പറഞ്ഞു.
ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ പിന്‍വലിക്കുന്ന നിഷ്‌ക്രിയ ദയാവധം, 2011 ലെ അരുണ ഷാന്‍ബാഗ് കേസിലാണ് സുപ്രിംകോടതി ആദ്യമായി അംഗീകരിച്ചു. പിന്നീട് 2018 ല്‍ കോമണ്‍ കോസ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ വിധി പ്രകാരം ഇത് നിയമവിധേയമാക്കി. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അന്തസ്സോടെ മരിക്കാനുള്ള അവകാശത്തെ അംഗീകരിച്ചു.
ചണ്ഡീഗഡ് സര്‍വകലാശാലയില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ റാണ 2013 ഓഗസ്റ്റ് 20 ന് തന്റെ പിജി ഹോസ്റ്റലിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ റാണെ അന്നുമതല്‍ ആശുപത്രി കിടക്കയിലായി. ഡല്‍ഹിയിലെ വീട് വിറ്റ് ഗാസിയാബാദിലേക്ക് താമസം മാറി എയിംസില്‍ മകനോടൊപ്പം താമസിക്കുകയായിരുന്നു മാതാപിതാക്കള്‍. മകന്റെ വിട്ടുമാറാത്ത കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാന്‍ നിഷ്‌ക്രിയ ദയാവധത്തിന് നിയമപരമായ അനുമതി തേടുകയായിരുന്നു അവര്‍.
