ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ക്കായുള്ള മതപരിവര്‍ത്തന ആരോപണം; സുപ്രിംകോടതി റിപോര്‍ട്ട് തേടി

Update: 2026-01-29 11:05 GMT

ന്യൂഡല്‍ഹി: ന്യൂനപക്ഷ സംവരണ ആനുകൂല്യങ്ങള്‍ കൈക്കലാക്കുന്നതിനായി ഹരിയാനയിലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഹിന്ദുക്കളില്‍ ചിലര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന ആരോപണത്തില്‍ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സംഭവത്തെ 'പുതിയ തരം വഞ്ചന' എന്ന് വിശേഷിപ്പിച്ച കോടതി, വിഷയത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയില്‍ നിന്ന് വിശദമായ റിപോര്‍ട്ട് തേടി.

ബുദ്ധമത വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ ഉദ്യോഗാര്‍ഥി എന്ന നിലയില്‍ പ്രവേശനം ആവശ്യപ്പെട്ട് ഹിസാര്‍ സ്വദേശിയായ നിഖില്‍ കുമാര്‍ പുനിയ സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ച് പരിഗണിച്ചത്. ഹരജിക്കെതിരേ കടുത്ത പ്രതികരണം രേഖപ്പെടുത്തിയ കോടതി, ഇത്തരം പ്രവണതകള്‍ യഥാര്‍ഥ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ വ്യക്തമാക്കാനും, ഉയര്‍ന്ന ജാതിയില്‍പ്പെട്ട പൊതുവിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് മതപരിവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ അനുവാദമുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി ഹരിയാന ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. വാദം കേള്‍ക്കുന്നതിനിടെ, ഹരജിക്കാരന്റെ ജാതി പശ്ചാത്തലം സംബന്ധിച്ച് ബെഞ്ച് വിശദീകരണം തേടി. മറുപടിയായി, ഹരജിക്കാരന്‍ പൊതുവിഭാഗത്തില്‍പ്പെട്ട ജാട്ട് പുനിയ സമുദായാംഗമാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും, മതപരിവര്‍ത്തനം വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്നും വാദം ഉന്നയിച്ചെങ്കിലും, ഈ അവകാശവാദം കോടതി അംഗീകരിച്ചില്ല. ത്തരം നീക്കങ്ങള്‍ യഥാര്‍ഥ ന്യൂനപക്ഷ ഉദ്യോഗാര്‍ഥികളുടെ നിയമപരമായ അവകാശങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന് നിരീക്ഷിച്ച കോടതി, ഹരജിക്കാരന് ആശ്വാസം നല്‍കാതെ ഹരജി തള്ളുകയായിരുന്നു.

Tags: