അശ്ലീല വീഡിയോകള്‍ നിരോധിക്കണമെന്ന ഹരജി പരിഗണിക്കാതെ സുപ്രിംകോടതി; 'നേപ്പാളില്‍ സംഭവിച്ചത് കാണൂ': ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി
ന്യൂഡല്‍ഹി: അശ്ലീല വീഡിയോകള്‍ക്ക് പൂര്‍ണ്ണ നിരോധനം വേണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിക്കളഞ്ഞു. ഒരു നിരോധനംകൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂവെന്നും സെപ്റ്റംബറില്‍ നേപ്പാളിലുണ്ടായ ജെന്‍ സി പ്രക്ഷോഭത്തെ സൂചിപ്പിച്ച് സുപ്രിംകോടതി പറഞ്ഞു.
ഹരജി നാല് ആഴ്ചകള്‍ക്ക് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം പൊതുയിടങ്ങളില്‍ അശ്ലീല വീഡിയോകള്‍ കാണുന്നത് നിയന്ത്രിക്കണമെന്ന ആവശ്യമാണ് ഹരജിയില്‍ ഉന്നയിച്ചിരുന്നത്.
13 മുതല്‍ 18 വയസുവരെയുള്ള പ്രായത്തിലുള്ള കുട്ടികെളയാണ് ഇത്തരം വീഡിയോകള്‍ പ്രതികൂലമായി ബാധിക്കപ്പെടുന്നതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടേതടക്കം 20 കോടിയിലധികം അശ്ലീല വീഡിയോകളുടെ ക്ലിപ്പുകള്‍ ഇന്ത്യയില്‍ ലഭ്യമാണെന്ന കണക്ക് ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ നിയമപരമായ ഇടപെടല്‍ ആവശ്യമാണെന്നും, ഈ വിഷയത്തില്‍ ഒരു ദേശീയ നയവും പ്രവര്‍ത്തന പദ്ധതിയും രൂപീകരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ഹരജിക്കാരന്‍ അഭ്യര്‍ഥിച്ചു.