ഇംപീച്ച്‌മെന്റ് അന്വേഷണ സമിതി നിയമസാധുവെന്ന് സുപ്രിംകോടതി; ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹരജി തള്ളി
ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ലോക്‌സഭാ സ്പീക്കര്‍ രൂപീകരിച്ച അന്വേഷണ സമിതിയുടെ നിയമസാധുത ചോദ്യം ചെയ്ത് അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. സമിതി രൂപീകരണത്തില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, എസ് സി ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അന്വേഷണ സമിതി രൂപീകരിക്കുന്നതില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പിഴവുണ്ടായിട്ടില്ലെന്നും, ജസ്റ്റിസ് വര്‍മക്ക് ആശ്വാസകരമായ ഇടപെടല്‍ നടത്താന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് വന്‍തോതില്‍ കത്തിക്കരിഞ്ഞ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരേ അന്വേഷണം ആരംഭിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയ സാഹചര്യത്തില്‍ അന്വേഷണം തുടരാന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് അധികാരമില്ലെന്നായിരുന്നു ജസ്റ്റിസ് വര്‍മയുടെ പ്രധാന വാദം. രാജ്യസഭാ ചെയര്‍മാന്‍ പ്രമേയം അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതിന് കാത്തുനില്‍ക്കാതെ, ജഡ്ജസ് എന്‍ക്വയറി ആക്ടിലെ സെക്ഷന്‍ 3(2) ലംഘിച്ചുകൊണ്ടാണ് അന്വേഷണ സമിതി രൂപീകരിച്ചതെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രിംകോടതി അംഗീകരിച്ചില്ല.
അതേസമയം, ഔദ്യോഗിക വസതിയില്‍ നിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ സുപ്രിംകോടതി കൊളീജിയം നേരത്തെ പ്രാഥമിക അന്വേഷണം നടത്തുകയും ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്. ജസ്റ്റിസ് യശ്വന്ത് വര്‍മയെ പിന്നീട് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രഖ്യാപിച്ച അന്വേഷണ സമിതിയില്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, കര്‍ണാടക ഹൈക്കോടതി അഭിഭാഷകന്‍ ബി വി ആചാര്യ എന്നിവര്‍ അംഗങ്ങളാണ്.

