ന്യൂഡല്‍ഹി: ആസിഡ് ആക്രമണത്തെ അതിജീവിച്ച എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് പ്രത്യേക നയം രൂപീകരിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രിംകോടതി നിര്‍ദേശിച്ചു. ജോലി നല്‍കാന്‍ പ്രായോഗികമായ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ഇരകള്‍ക്ക് ഉപജീവനത്തിനായി പ്രതിമാസ അലവന്‍സ് നല്‍കുന്ന സംവിധാനം കൊണ്ടുവരണമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ചേര്‍ന്നാണ് നിര്‍ദേശം നല്‍കിയത്. ആസിഡ് ആക്രമണ ഇരകളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ വകുപ്പുകളിലോ ഏജന്‍സികളിലോ ജോലി നല്‍കുന്ന പദ്ധതി ഇതുവരെ എന്തുകൊണ്ട് രൂപീകരിച്ചിട്ടില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ഷഹീന്‍ മാലിക് സമര്‍പ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് സുപ്രധാന നിര്‍ദേശങ്ങള്‍ കോടതിയില്‍ നിന്നും ഉണ്ടായത്. സുപ്രിംകോടതിയുടെ അഭ്യര്‍ഥന പ്രകാരം സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയാണ് ഷഹീന്‍ മാലിക്കിന് വേണ്ടി സൗജന്യമായി ഹാജരായത്. ഹരജിയില്‍ ഇരകള്‍ നേരിടുന്ന മറ്റു പ്രയാസങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഡിജിറ്റല്‍ വെരിഫിക്കേഷനായി കണ്ണുകളുടെ കൃഷ്ണമണി സ്‌കാന്‍ ചെയ്യുക, കണ്ണ് ചിമ്മുക, വിരലടയാളം നല്‍കുക തുടങ്ങിയ പ്രക്രിയകള്‍ ആസിഡ് ആക്രമണ ഇരകള്‍ക്ക് പലപ്പോഴും സാധ്യമല്ലെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പകരമായി കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും ലളിതവുമായ ഡിജിറ്റല്‍ സംവിധാനം കൊണ്ടുവരണമെന്നും ഇരകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള കേസുകളില്‍ കുറ്റവാളികള്‍ക്ക് നല്‍കുന്ന ശിക്ഷ കൂടുതല്‍ കടുപ്പമുള്ളതാക്കണമെന്നും കോടതി നിരീക്ഷിച്ചു. കുറ്റവാളികളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് അവ വിറ്റ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ചും പരിഗണിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബാങ്ക് അക്കൗണ്ട് തുറക്കല്‍, ആധാര്‍ കാര്‍ഡ് എടുക്കല്‍, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍, മൊബൈല്‍ സിം കാര്‍ഡ് വാങ്ങല്‍ തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ പോലും ആസിഡ് ആക്രമണ ഇരകള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
തന്റെ കേസില്‍ വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടതിനെത്തുടര്‍ന്നാണ് ഷഹീന്‍ മാലിക് സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ തുടര്‍ നടപടികള്‍ക്കായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മറുപടി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

