നീതി നടപ്പാക്കാനുള്ള കോടതികളുടെ ആവേശം തെളിവില്ലാതെയും വധശിക്ഷ വിധിക്കാന്‍ കാരണമാവുന്നു: സുപ്രിം കോടതി

Update: 2025-07-16 15:48 GMT

ന്യൂഡല്‍ഹി: നീതി നടപ്പാക്കാനുള്ള കോടതികളുടെ ആവേശം മതിയായ തെളിവുകളില്ലാതെ പോലും വധശിക്ഷ വിധിക്കാന്‍ കാരണമാവുന്നുവെന്ന് സുപ്രിംകോടതി. നാലു പേരെ കൊന്നെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളെ വെറുതെവിട്ട കേസിലാണ് സുപ്രിംകോടതി ഈ നിരീക്ഷണം നടത്തിയത്. പ്രതിക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ കഴിഞ്ഞ 11 വര്‍ഷമായി ആരോപണവിധേയന്‍ ജയിലിലാണ്.

സ്വന്തം ഭാര്യ, ഭാര്യാ സഹോദരി, അവരുടെ രണ്ടുകുട്ടികള്‍ എന്നിവരെ കൊന്ന കേസിലാണ് പോലിസ് അയാളെ പ്രതിയാക്കിയിരുന്നത്. 2020ല്‍ കപൂര്‍ത്തല പോലിസ് പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി 2024ല്‍ ശിക്ഷ ശരിവച്ചു. കേസിലെ സാക്ഷി മൊഴികളില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നും പോലിസിന്റെ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടെന്നും അപ്പീല്‍ പരിഗണിച്ച് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

'' തെളിവിന്റെ മാനദണ്ഡം തികച്ചും കര്‍ശനമായ ഒന്നാണെന്നും അതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും കോടതികള്‍ പറയണം. മനുഷ്യജീവന്‍ അപകടത്തിലാകുമ്പോള്‍, വിഷയം അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍, കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ അപ്പീല്‍ ഹരജിക്കാരനെതിരേ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. കേസ് കോളിളക്കം ഉണ്ടാക്കിയതോടെ കുറ്റവാളിയെ കണ്ടെത്താന്‍ പോലിസില്‍ സമ്മര്‍ദ്ദമുണ്ടായി. മോശമായ വിചാരണയുമാണ് നടന്നത്. വിചാരണക്കോടതിയും ഹൈക്കോടതിയും തിടുക്കത്തില്‍ കാര്യങ്ങള്‍ ചെയ്തു. അതുകൊണ്ടാണ് മതിയായ തെളിവുകള്‍ ഇല്ലാത്ത ഒരാള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.''-കോടതി പറഞ്ഞു.