'രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം': ഷാഫി പറമ്പില്‍ എംപി

രാഹുല്‍ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടു വന്നിട്ടില്ലെന്നും ഷാഫി പറമ്പില്‍

Update: 2025-12-04 12:21 GMT

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്ന് ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വേറിട്ട ഒരു നിലപാട് തനിക്കില്ലെന്നും ഷാഫി പറമ്പില്‍ എംപി. രാഹുല്‍ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല, രാഹുല്‍ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടു വന്നിട്ടില്ല. രാഹുലിന്റെ സംഘടന പ്രവര്‍ത്തനത്തിലെ മികവ് പരിഗണിച്ചു. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനല്‍ പരാതികള്‍ ഉണ്ടായിട്ടില്ലെന്നും രാഹുലിനെ രാഷ്ട്രീയമായി മാത്രമാണ് പിന്തുണച്ചതെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെടുക്കാത്ത അച്ചടക്ക നടപടിയാണ് പാര്‍ട്ടി രാഹുലിന്റെ കാര്യത്തില്‍ കൈക്കൊണ്ടത്. മറ്റൊരു പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും, പാര്‍ട്ടി നടപടിക്കൊപ്പമാണ് താനുള്ളതെന്നും രാഹുലിന്റെ ക്രിമിനല്‍ സ്വഭാവമുള്ള പരാതി രേഖ മൂലം കിട്ടിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

'രേഖാമൂലമുള്ള പരാതി പാര്‍ട്ടിക്ക് കിട്ടിയത് ഡിജിപിക്ക് കൈമാറി. വ്യക്തിപരമായി മാങ്കൂട്ടവുമായുണ്ടായിരുന്ന സൗഹൃദത്തെ ഞാന്‍ പൊളിറ്റിക്‌സിലേക്ക് കൊണ്ടുവന്നിട്ടില്ല, പാര്‍ട്ടി വഴിയുണ്ടായ ബന്ധം മാത്രമാണ് രാഹുലുമായുള്ളത്. പുതിയ തമലുറയിലെ ആളുകള്‍ പാര്‍ട്ടിയില്‍ വളര്‍ന്ന് വരുമ്പോള്‍, അവരെ സംഘടനാപരമായി സപ്പോര്‍ട്ട് ചെയ്യേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്. അതാണ് ചെയ്തത്. നാളെയും ഇത്തരത്തില്‍ വളര്‍ന്നുവരുന്നവരെ കൊണ്ടുവരാന്‍ പരിശ്രമിക്കും. അവര്‍ക്ക് സംഘടനാപരാമായി വളരാനുള്ള പിന്തുണയാണ് നല്‍കുന്നത്. അല്ലാതെ വേറെ തരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കല്ല പിന്തുണ കൊടുക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള, നടപടിയെടുക്കാന്‍ വേണ്ടിയുള്ള പരാതികളൊന്നും ആ സമയത്ത് എന്റെ മുന്നില്‍ വന്നിട്ടില്ല. എംഎല്‍എ സ്ഥാനത്ത് തുടരണോയെന്നത് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കും'-ഷാഫി പറമ്പില്‍ വ്യക്തമാക്കി.