സൂപ്പര്‍ ക്രോസ് റേസിംഗ്: കോഴിക്കോട് സ്റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കല്‍ വൈകും; വിദഗ്ദ സമിതി റിപോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല

Update: 2026-01-10 11:37 GMT

കോഴിക്കോട്: സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് മല്‍സരങ്ങള്‍ക്കായി വിട്ടുനല്‍കിയ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കുന്ന നടപടി വൈകിയേക്കുമെന്ന് സൂചന. സ്റ്റേഡിയത്തിന്റെ നിലവാരം വിലയിരുത്തുന്നതിനായി മേയര്‍ ആവശ്യപ്പെട്ട വിദഗ്ദ സമിതി റിപോര്‍ട്ട് കെഡിഎഫ്എ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. സ്റ്റേഡിയം തകര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ, വിദഗ്ദ സമിതി റിപോര്‍ട്ട് ഈ മാസം 8നു നല്‍കുമെന്ന് കെഡിഎഫ്എ അറിയിച്ചിരുന്നുവെങ്കിലും, ആവശ്യമായ പരിശോധനകള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ, ഈ മാസം 15നകം സ്റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കി കോര്‍പ്പറേഷന് കൈമാറണമെന്ന നിര്‍ദേശത്തിന്റെ നടപ്പാക്കല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തില്‍ നിശ്ചിത സമയപരിധിക്കകം പൂര്‍വ്വസ്ഥിതി വീണ്ടെടുക്കാന്‍ സാധ്യത കുറവാണെന്നതാണ് വിദഗ്ദരുടെ വിലയിരുത്തല്‍. അതേസമയം, സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് അധികൃതര്‍ നിയോഗിച്ച എട്ടംഗ സംഘം സ്റ്റേഡിയത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച് ഉണങ്ങിയ പുല്ല് നനച്ച് പച്ചപ്പ് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Tags: