എന്‍ എം വിജയന്റെ കുടുംബത്തിന്റെ കടബാധ്യത എത്രയും പെട്ടെന്ന് തീര്‍ക്കുമെന്ന് സണ്ണി ജോസഫ്

Update: 2025-09-19 12:54 GMT

വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യത എത്രയും വേഗം തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇതില്‍ നിയമപരമായ ബാധ്യത പാര്‍ട്ടിക്കില്ല. എന്നാല്‍, ധാര്‍മിക ബാധ്യതയുണ്ട്. കടബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഏറ്റെടുത്തതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്‍ എം വിജയന്റെ മരുമകള്‍ പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ എന്‍ എം വിജയന്റെ കടബാധ്യത അടച്ചു തീര്‍ക്കും. ഞങ്ങള്‍ ഏറ്റെടുത്തത് അടക്കാന്‍ വേണ്ടിയാണ്. ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെയാണ്. സാമ്പത്തിക പ്രയാസമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. എങ്കില്‍ പോലും ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. നിയമപരമായ ബാധ്യതയല്ല, ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള സന്മനസിന്റെ ഭാഗമായിട്ടാണ് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായതിനെ തുടര്‍ന്ന് 2024 ഡിസംബര്‍ 24നാണ് എന്‍ എം വിജയനും മകന്‍ ജിജേഷും വിഷം കഴിച്ചത്. 27ന് ഇരുവരും മരിച്ചു. തുടര്‍ന്ന് കുടുംബത്തിന് സഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എംഎല്‍എയുടെ പിഎ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചിരുന്നു.

കുടുംബവുമായി സംസാരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായിട്ടില്ലെന്ന് പത്മജ പറഞ്ഞു. അവര്‍ സംസാരിച്ച ശേഷം തുടര്‍ അഭിപ്രായം പറയാമെന്നും വ്യക്തമാക്കി. നേതൃത്വം സംസാരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒക്ടോബര്‍ 2ന് സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. കെപിസിസി ഉപസമിതി നല്‍കിയ ഉറപ്പ് ബാധ്യതകള്‍ പൂര്‍ണമായി ഏറ്റെടുക്കുമെന്നാണ്. കെപിസിസിക്ക് ഫണ്ടില്ല എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിനുശേഷം സണ്ണി ജോസഫോ ഉപസമിതിയിലുള്ളവരോ ഒന്നും പറഞ്ഞിരുന്നില്ല. നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞതിനുശേഷം തുടര്‍ നടപടികള്‍ പറയാമെന്നും പത്മജ വ്യക്തമാക്കി.

Tags: