മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി അന്തരിച്ച അജിത് പവാറിന്റെ ഭാര്യയും എംപിയുമായ സുനേത്ര പവാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞക്കായി സുനേത്രയെ ക്ഷണിച്ചപ്പോള്‍ 'അജിത് ദാദാ അമര്‍ രഹേ' മുദ്രാവാക്യം മുഴക്കിയാണ് എന്‍സിപി പ്രവര്‍ത്തകര്‍ വരവേറ്റത്. ഇന്ന് മുംബൈയിലെ ലോക്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഇതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി 62കാരിയായ സുനേത്ര പവാര്‍ മാറി.
അജിത് പവാറിന്റെ ആകസ്മിക വിയോഗത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് എന്‍സിപി സുനേത്രയെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് വിധാന്‍ ഭവനില്‍ ചേര്‍ന്ന എന്‍സിപി നിയമസഭാ കക്ഷി യോഗം സുനേത്രയെ ഏകകണ്ഠമായി തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. വിമാനാപകടത്തില്‍ അന്തരിച്ച അജിത് പവാറിന്റെ രാഷ്ട്രീയ പൈതൃകം നിലനിര്‍ത്തുന്നതിനാണ് പാര്‍ട്ടി സുനേത്രയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.