ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യക്ക് ആശ്വാസം; ഗൈഡ് വയര്‍ പുറത്തെടുക്കും

Update: 2025-10-10 09:47 GMT

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യക്ക് ആശ്വാസം. ശസ്ത്രക്രിയ നടത്തി ഗൈഡ് വയര്‍ പുറത്തെടുക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കുന്ന മൈനര്‍ സര്‍ജറിയിലൂടെ ഗൈഡ് വയര്‍ പുറത്തെടുക്കാനാണ് നീക്കം. ഗൈഡ് വയര്‍ പുറത്ത് എടുക്കാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍, വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകുമെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ ശ്വാസംമുട്ടല്‍ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന സുമയ്യ പരാതി നല്‍കിയിരുന്നു. പിന്നീട് നടന്ന തുടര്‍പരിശോധനയില്‍ ഗൈഡ് വയറിന് അനക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. അതേസമയം, ഗൈഡ് വയര്‍ കുടുങ്ങിയതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ജീവിതകാലം മുഴുവന്‍ സുമയ്യ അനുഭവിക്കേണ്ടിവരുമെന്നും തുടര്‍ചികില്‍സയുടെ ഉള്‍പ്പെടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുമയ്യയുടെ സഹോദരന്‍ സബീര്‍ ആവശ്യപ്പെട്ടു. ചികില്‍സാപിഴവിന് നഷ്ടപരിഹാരം നല്‍കണം. വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. ആരോപണവിധേയനായ ഡോക്ടര്‍ ഇപ്പോഴും ചികില്‍സ തുടരുകയാണ്. കുറ്റക്കാര്‍ ആരെന്നു കണ്ടെത്തി ശിക്ഷാനടപടി ഉണ്ടാകണമെന്നും സബീര്‍ ആവശ്യപ്പെട്ടിരുന്നു

2023 മാര്‍ച്ച് 22ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമായി സുമയ്യ ചികിത്സ തേടിയിരുന്നു. 2025 ഏപ്രിലില്‍ എക്‌സ്‌റേ എടുത്തപ്പോഴാണ് ഗൈഡ് വയര്‍ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ചത്. ഗൈഡ് വയര്‍ കുടുങ്ങിയ വിവരം അറിഞ്ഞ ജനറല്‍ ആശുപത്രി അധികൃതര്‍ ഏപ്രിലില്‍ സുമയ്യയെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്കു റഫര്‍ ചെയ്തിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞതിനാല്‍ ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ശ്രീചിത്രയില്‍ നിന്നുള്ള മറുപടി.

Tags: