സുകുമാരന്‍ നായര്‍ എന്‍എസിഎസിന്റെ ഏറ്റവും കരുത്തുറ്റ ജനറല്‍ സെക്രട്ടറി: കെ ബി ഗണേഷ്‌കുമാര്‍
തിരുവനന്തപുരം: ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവെച്ചാല്‍ എന്‍എസ്എസിന് ഒരു പ്രശ്‌നവുമില്ലെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാലു പേര്‍ രാജിവച്ചാല്‍ എല്ലാവരും പോയി എന്നല്ല അര്‍ഥമെന്നും സുകുമാരന്‍ നായര്‍ എന്‍എസിഎസിന്റെ ഏറ്റവും കരുത്തുറ്റ ജനറല്‍ സെക്രട്ടറിയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വേദിയിലാണ് സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്.
എന്ത് വിഷയമുണ്ടായാലും സുകുമാരന്‍ നായര്‍ക്ക് പിന്നില്‍ പാറ പോലെ ഉറച്ചുനില്‍ക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അദ്ദേത്തിന്റെ നിലപാടുകള്‍ രാഷ്ട്രീയമല്ല. എന്‍എസ്എസ് സമദൂര സിദ്ധാന്തത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഒരാള്‍ അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം അദ്ദേഹം സര്‍ക്കാരിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു.
എന്നാല്‍ അദ്ദേഹം ഈ സര്‍ക്കാരിനെതിരെയും പറഞ്ഞിട്ടുണ്ട്. എന്‍എസ്എസിന്റെ നിലപാട് എക്കാലത്തും ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അത് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കൈകളില്‍ കറ പുരണ്ടിട്ടില്ല അദ്ദേഹം അഴിമതിക്കാരനല്ല. മന്നത്ത് പത്മനാഭന്‍ നയിച്ച വഴിയിലൂടെയാണ് എന്‍എസ്എസിനെ സുകുമാരന്‍ നായര്‍ കൊണ്ടുപോകുന്നതെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട ജില്ലയിലാണ് എന്‍എസ്എസിനെതിരായ എല്ലാ കേസുകളും നടക്കുന്നതെന്നും 250 രൂപ കൊടുത്താല്‍ ഏത് ആള്‍ക്കും ഫ്‌ലക്‌സ് വെക്കാമെന്നാണ് രീതി എന്നും അദ്ദേഹം വ്യക്തമാക്കി.
