യുവതി വിഷം അകത്ത് ചെന്ന് മരിച്ച സംഭവം കൊലപാതകം

Update: 2025-07-05 02:18 GMT

തൊടുപുഴ: വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ് സ്ഥിരീകരിച്ചു.ഭര്‍ത്താവ് ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കി.ജൂണ്‍ 26നാണ് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകള്‍ ജോര്‍ളി(34)യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് ടോണിയുടെ പീഡനത്തെത്തുര്‍ന്ന് മകള്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ജോണ്‍ കരിങ്കുന്നം പോലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ചികില്‍സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടോടെ ജോര്‍ളി മരിച്ചു. 28നാണ് യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നത്.

വീടിന് പിന്നിലെ ചായ്പില്‍വെച്ചാണ് സംഭവം. നിന്നെ ഞാന്‍ കൊല്ലുമെന്ന് പറഞ്ഞ് ടോണി തന്റെ കവിളുകളില്‍ കുത്തിപ്പിടിച്ച് ബലമായി വിഷം കുടിപ്പിച്ചെന്നാണ് ജോര്‍ളിയുടെ മൊഴി. വിഷം വാങ്ങി കൊണ്ടുവന്നതും ടോണിയാണെന്ന് മൊഴിയിലുണ്ട്. തുടര്‍ന്ന് ടോണിയെ പോലിസ് അറസ്റ്റ് ചെയ്തു.

ജോര്‍ളിയെ, ടോണി നിരന്തരം മര്‍ദിച്ചിരുന്നുവെന്നും പോയി മരിക്കാന്‍ പറയുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വിവാഹസമയത്ത് നല്‍കിയ 20 പവന്‍ സ്വര്‍ണാഭരണവും പലപ്പോഴായി ആറുലക്ഷം രൂപയും ടോണി വാങ്ങിയെടുത്തുവെന്നും ജോര്‍ളിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലുണ്ട്.