പോലിസിലെ ആത്മഹത്യ സഭയിലുന്നയിച്ച് പ്രതിപക്ഷം; എട്ട് മണിക്കൂര്‍ജോലി ഉടന്‍ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

Update: 2024-07-01 10:04 GMT

തിരുവന്തപുരം: സംസ്ഥാനത്തെ പോലിസ് സേനയിലെ ആത്മഹത്യ നിയമസഭയില്‍. അഞ്ചു വര്‍ഷത്തിനിടയില്‍ 88 പോലിസുകാര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായും ശരാശരി 44 പോലിസുകാരെ വെച്ചാണ് 118 പോലിസുകാരുടെ ജോലി ഒരു സ്‌റ്റേഷനില്‍ ചെയ്യുന്നതെന്നും പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.ആത്മഹത്യചെയ്ത പോലിസ് ഉദ്യോഗസ്ഥന്‍ ജോബിദാസിന്റെ ആത്മഹത്യാക്കുറിപ്പും എംഎല്‍എ നിയമസഭയില്‍ വായിച്ചു. 'നന്നായി പഠിക്കണം, പോലിസെല്ലാതെ ജോലി വാങ്ങണം' എന്ന് മക്കളോട് പറയുന്ന കുറിപ്പാണ് വായിച്ചത്.

അതേസമയം, പോലിസ് സേനയില്‍ എട്ടുമണിക്കൂര്‍ ജോലി എന്നത് പെട്ടെന്ന് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി. എന്നാല്‍, ഇത് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും തിരക്കുള്ള 52 സ്‌റ്റേഷനുകളില്‍ നടപ്പിലാക്കിയതായും കൂടുതല്‍ സ്‌റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലിസ് സ്‌റ്റേഷനുകളില്‍ ബാഹ്യ ഇടപ്പെടലുകള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ബാഹ്യ ഇടപ്പെടലുകളില്ലെന്ന് നെഞ്ചില്‍കൈവെച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. എസ്എച്ച്ഓമാരെ നിയമിക്കുന്നത് പാര്‍ട്ടി ഏരിയാ കമ്മറ്റികളല്ലേയെന്നും സതീശന്‍ ചോദിച്ചു.

Tags: