സുഹാസ് ഷെട്ടി വധം; വിദ്വേഷപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു; പരാതി നല്‍കി ഹെഡ് കോണ്‍സ്റ്റബിള്‍
മംഗളൂരു: സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് വിദ്വേഷപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി ബാജ്പെ പോലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ റഷീദ് എം ഷെയ്ക്ക്.
ഷെട്ടിയുടെ മരണത്തില്‍ കോണ്‍സ്റ്റബിള്‍ റഷീദ് എം ഷെയ്ക്കിനു പങ്കുണ്ടെന്ന് ആരോപിക്കുന്ന വാട്‌സാപ്പ് സ്റ്റാറ്റസിനെ തുടര്‍ന്നാണ് പരാതി. ഷെട്ടിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന റഷീദിനെ അറസ്റ്റ് ചെയ്യണമെന്ന തരത്തില്‍ അപകീര്‍ത്തികരമായ ഒരു വാട്ട്സ്ആപ്പ് സ്റ്റാറ്റസ് മൂഡ്ബിദ്രിയിലെ സമിത്ത് രാജ് ധരേഗുഡ്ഡെ പോസ്റ്റ് ചെയ്തതായി സഹപ്രവര്‍ത്തകര്‍ തന്നെ അറിയിക്കുകയായിരുന്നെന്ന് റഷീദ് പരാതിയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളിലും തെറ്റായതും അടിസ്ഥാനരഹിതവുമായി തനിക്കെതിരേ വരുന്ന റിപോര്‍ട്ടുകള്‍ തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നുണ്ടെന്നും റഷീദ് ചൂണ്ടിക്കാട്ടി.
റഷീദ് സുഹാസിനെ പീഡിപ്പിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തെന്ന് ഹിന്ദു ജാഗരണ്‍ വേദികെ നേതാവ് കെ ടി ഉല്ലാസ് ആരോപിച്ചിരുന്നു. സ്ഥിരീകരിക്കാത്ത ഇത്തരം പരാമര്‍ശങ്ങളും ഓണ്‍ലൈനില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നത് വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്നും, സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വിതയ്ക്കുമെന്നും റഷീദ് പറഞ്ഞു. കൊലപാതകത്തില്‍ ബാജ്പെ പോലിസിനെ തെറ്റായി കുറ്റപ്പെടുത്തുന്നതിലൂടെ ക്രമസമാധാനനില തകരുമെന്നും അദ്ദേഹം തന്റെ പരാതിയില്‍ പറയുന്നു.
