സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലധികം പേര്‍ മരിച്ചതായി റിപോര്‍ട്ട്

കനത്ത മഴയ്ക്കു പിന്നാലെ വടക്കന്‍ സുഡാനിലെ തരാസിന്‍ ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്

Update: 2025-09-02 15:06 GMT

ഖാര്‍തൂം: ആഫ്രിക്കന്‍ രാജ്യമായ സുഡാനിലുണ്ടായ മണ്ണിടിച്ചിലില്‍ ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപോര്‍ട്ട് വടക്കന്‍ സുഡാനിലെ തരാസിന്‍ പര്‍വതഗ്രാമത്തിലാണ് വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായത്. ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയ്ക്കു പിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത്. തരാസിന്‍ ഗ്രാമം പൂര്‍ണമായി തകര്‍ന്നു. ഒരു ഗ്രാമവാസി മാത്രമാണിവിടെ രക്ഷപ്പെട്ടത്. റോഡുകള്‍ തകര്‍ന്നതിനാല്‍ അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനും അവശ്യസാധനങ്ങളെത്തിക്കാനും ബുദ്ധിമുട്ടുണ്ട്.

370 പേരുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യഥാര്‍ഥ മരണസംഖ്യ അറിവായിട്ടില്ലെന്നും ആയിരത്തിലധികം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരിക്കാമെന്നും സുഡാനിലെ യു എന്‍ ഡെപ്യൂട്ടി കോ ഓഡിനേറ്റര്‍ ആന്റണി ഗെരാര്‍ഡ് പറഞ്ഞു.

സുഡാന്‍ ലിബറേഷന്‍ മൂവ്‌മെന്റ് (എസ്എല്‍എം) ന്റെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ആയിരത്തോളം പേര്‍ മരിച്ചിരിക്കാമെന്നാണ് എസ്എല്‍എം പറയുന്നത്. യു എന്‍ ഉള്‍പ്പടെയുള്ള രാജ്യാന്തര സംഘടനകളും സ്ഥാപനങ്ങളും സഹായങ്ങള്‍ നല്‍കണമെന്ന് എസ്എല്‍എം അഭ്യര്‍ഥിച്ചു.

സുഡാന്‍ സൈന്യവും അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് വടക്കന്‍ ഡാര്‍ഫര്‍ സംസ്ഥാനത്തിലെ നിവാസികള്‍ മാറാ പര്‍വതനിരകളിലാണ് അഭയം തേടിയിരുന്നത്. ഇവരാണ് മണ്ണിടിച്ചിലില്‍ പെട്ടത്.

Tags: