ദാര്‍ഫറിലെ വംശഹത്യ: യുഎഇക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് സുഡാന്‍

Update: 2025-03-08 02:31 GMT

ഖാര്‍ത്തൂം: പടിഞ്ഞാറന്‍ ദാര്‍ഫറില്‍ വംശഹത്യ നടത്തിയെന്ന് ആരോപണമുള്ള റാപിഡ് മൊബലൈസേഷന്‍ ഫോഴ്‌സ് എന്ന സായുധസംഘടനക്ക് പിന്തുണ നല്‍കിയെന്ന് ആരോപിച്ച് യുഎഇക്കെതിരെ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ സുഡാന്‍ ഹരജി ഫയല്‍ ചെയ്തു. റാപിഡ് മൊബലൈസേഷന്‍ ഫോഴ്‌സിന് യുഎഇ സൈനിക-സാമ്പത്തിക സഹായം നല്‍കിയതായി ഹരജി പറയുന്നു. ഈ സഹായം ഉപയോഗിച്ച് സംഘടന പടിഞ്ഞാറന്‍ ദാര്‍ഫറിലെ മസാലിത്ത് വിഭാഗങ്ങളെ കൂട്ടക്കൊല ചെയ്തുവെന്നാണ് ആരോപണം.

സുഡാന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് യുഎഇ അധികൃതര്‍ പറഞ്ഞു. സുഡാന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ മറച്ചുവെക്കാന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് യുഎഇ അറിയിച്ചു. 2023 ഏപ്രില്‍ മുതലാണ് റാപിഡ് മൊബലൈസേഷന്‍ ഫോഴ്‌സും സുഡാന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. സുഡാനും യുഎഇയും വംശഹത്യ തടയല്‍ ഉടമ്പടിയില്‍ ഒപ്പിട്ട രാജ്യങ്ങളായതിനാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കേസില്‍ വാദം കേള്‍ക്കാം.