ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി കാലാവധി നീട്ടി

Update: 2026-03-30 10:35 GMT

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പിഎം ഇ ഡ്രൈവ് പദ്ധതിയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ലഭ്യമായ സബ്‌സിഡി കാലാവധി നീട്ടി. മാര്‍ച്ച് 31ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതി നാലു മാസം കൂടി നീട്ടി 2026 ജൂലായ് 31 വരെ തുടരാന്‍ തീരുമാനിച്ചു.

ഇലക്ട്രിക് ടൂവീലറുകള്‍ക്ക് ജൂലായ് 31 വരെ ഡിമാന്‍ഡ് സബ്‌സിഡി ലഭ്യമാകുമ്പോള്‍, ഇ റിക്ഷകള്‍ക്ക് 2028 മാര്‍ച്ച് 31 വരെ ആനുകൂല്യം തുടരും. ഏപ്രില്‍ ഒന്നു മുതല്‍ സബ്‌സിഡി നിരക്കിലും വര്‍ധനവുണ്ട്. നിലവില്‍ 1 സണവന് 2,500 രൂപയായിരുന്ന സബ്‌സിഡി 5,000 രൂപയായി ഉയര്‍ത്തി, വാഹനമൊന്നിന് പരമാവധി 10,000 രൂപ വരെ ലഭ്യമാക്കും. 1.5 ലക്ഷം രൂപയില്‍ താഴെ എക്‌സ് ഷോറൂം വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് ഈ സബ്‌സിഡി ബാധകമാകുക. പദ്ധതിയുടെ ഭാഗമായി ആകെ 24.79 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാനാണ് ലക്ഷ്യം. ഇതിനകം 22 ലക്ഷത്തിലധികം വാഹനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയിട്ടുണ്ട്.

10,900 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ചാര്‍ജിങ് സൗകര്യങ്ങളുടെ വികസനത്തിനും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളം ആയിരക്കണക്കിന് ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടു. അനുവദിച്ച ഫണ്ട് നേരത്തെ തീര്‍ന്നാല്‍ സബ്‌സിഡി ആനുകൂല്യം നിശ്ചിത സമയത്തിന് മുന്‍പേ അവസാനിക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Tags: