കര്‍ഷക തൊഴിലാളികളുടെ വൃക്കാരോഗ്യം ആശങ്കയില്‍, പഠനം

Update: 2025-11-04 08:14 GMT

ചെന്നൈ: കര്‍ഷകതൊഴിലാളികള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ കൂടുന്നുവെന്ന് പഠനം. പാടത്ത് ഏറെ നേരം കുനിഞ്ഞു നില്‍ക്കേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളില്‍ നടത്തിയ പഠനത്തിലാണ് ഇവര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. പലപ്പോഴും വെള്ളവും വിശ്രമവുമില്ലാതെ മണിക്കൂറുകളോളം പാടത്ത് കുനിഞ്ഞു നില്‍ക്കേണ്ടി വരുന്നതാണ് കാരണം. ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് - സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനത്തില്‍ തമിഴ്നാട്ടിലെ 19 കര്‍ഷകത്തൊഴിലാളികളില്‍ ഒരാള്‍ക്ക് വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ (സികെഡി) ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്ന് കണ്ടെത്തി.

തമിഴ്നാട്ടിലെ ഗ്രാമീണ മേഖലകളില്‍ ഏകദേശം 4,000 മുതിര്‍ന്നവരെയാണ് ഗവേഷകര്‍ പഠനവിധേയമമാക്കിയത്. അവരില്‍ പകുതിയിലധികം പേര്‍ക്കും അടിസ്ഥാനപരമായ രോഗങ്ങളൊന്നുമില്ലായിരുന്നു. ഇത് സൂചിപ്പിക്കുന്നത് വലിയ ചൂടില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതും നിര്‍ജ്ജലീകരണവുമാണ് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്നത് എന്ന വസ്തുതയാണ്.

കാലാവസ്ഥയും തൊഴിലും എങ്ങനെ ഒരുമിച്ച് ഒരാളെ രോഗിയാക്കുന്നു എന്നതിന്റെ പ്രധാന തെളിവായിരുന്നു ഈ കണ്ടെത്തല്‍. ഇത്തരം അസുഖങ്ങളില്‍ നിന്നു രക്ഷ തേടാന്‍ പല വിധത്തിലുള്ള മാര്‍ഗങ്ങള്‍ ഗവേഷണം മുന്നോട്ടുവയ്ക്കുന്നുണ്ട്. മതിയായ വിശ്രമം, ആവശ്യത്തിന് വെള്ളം, ചൂടിനനുസരിച്ച് പ്രവര്‍ത്തി സമയങ്ങളില്‍ മാറ്റം വരുത്തല്‍ തുടങ്ങിയവ ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നു.

രേഖകള്‍ പരിശോധിച്ച ഡോക്ടര്‍മാരും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും സാക്ഷ്യപ്പെടുത്തുന്നു. തമിഴ്‌നാട്ടില്‍ മാത്രമല്ല, എല്ലായിടത്തും തൊഴിലാളികള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഇത് ഗുരുതരമാണെന്നും അവര്‍ പറയുന്നു. പ്രമേഹമോ രക്താതിമര്‍ദ്ദമോ ഇല്ലാത്തവരില്‍ പോലും വൃക്ക തകരാറുകള്‍ വര്‍ധിച്ചുവരുന്നതായി കര്‍ണാടകയിലെ ശിവമോഗയിലെ നഞ്ചപ്പ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. അനുപമ വൈജെയും വ്യക്തമാക്കി.

Tags: