സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളില്‍ വര്‍ധനയെന്ന് പഠനം
മൂന്നു വര്‍ഷത്തിനിടെ 30 പേരാണ് കൊല്ലപ്പെട്ടത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളില്‍ വലിയ വര്‍ധനവെന്ന് പഠനം. മൂന്നു വര്‍ഷത്തിനിടെ 30 ജീവനുകളാണ് പൊലിഞ്ഞത്. ഭൂരിഭാഗം കേസുകളും മക്കളെ കൊന്ന് രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളാണ്. സേവ് ദ ഫാമിലി കൂട്ടായ്മയുടെ പഠനങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരില്‍ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മാതാപിതാക്കളാല്‍ കൊല്ലപ്പെട്ടത് 18 പേരാണ്. അതോടൊപ്പം മാതാപിതാക്കള്‍ ജീവനൊടുക്കുകയും ചെയ്യുന്നു.
ഇത്തരം സംഭവങ്ങളിലായി സംസ്ഥാനത്ത് 2022 മുതല്‍ ഇതുവരെ പൊലിഞ്ഞത് 30 ജീവനുകളാണ്. ബുദ്ധിമാന്ദ്യം ഉള്ളവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ സേവ് ദ ഫാമിലി സംസ്ഥാന പ്രസിഡന്റ് കെ മുജീബ് നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. 18 വയസു വരെ വിവിധയിടങ്ങളില്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ട്. എന്നാല്‍ പിന്നീട് ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെടുന്നു. ഇത് രക്ഷിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം ചെറുതല്ല.
തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഭിന്നശേഷിക്കാരിയായ കുട്ടിയെ ശ്വാസംമുട്ടിച്ച് അമ്മ കൊലപ്പെടുത്തിയത്. കാസര്‍കോട് 28 കാരിക്ക് വിഷം നല്‍കി കൊലപ്പെടുത്തിയശേഷം അമ്മയുടെ ആത്മഹത്യ. അമ്പലപ്പുഴയില്‍ 30 വയസുള്ള ഭിന്നശേഷിക്കാരനെ കൊന്ന് അമ്മ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യചെയ്ത സംഭവം. മകന്‍ ഭിന്നശേഷിക്കാരനായതിന്റെ മാനസിക സംഘര്‍ഷത്തില്‍ മലപ്പുറത്തുണ്ടായ കൂട്ട ആത്മഹത്യ. അങ്ങനെ ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുകയാണ്. ഭിന്നശേഷിയുള്ളവരുടെ സുരക്ഷയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കയാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് വഴിവക്കുന്നത്.
