'ലൈബ്രറിയില്‍ കയറി പുസ്തകം വായിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും'; മന്ത്രി വി ശിവന്‍കുട്ടി

അടുത്ത അധ്യയന വര്‍ഷം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി

Update: 2026-02-22 15:35 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലത്തില്‍ മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ വായന പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന കണ്ടെത്തലിന് പിന്നാലെയാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ നീക്കമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

10 മാര്‍ക്ക് വരെ നല്‍കിക്കൊണ്ടാണ് വിദ്യാര്‍ഥികളെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വിവരിച്ചു. പത്രം വായനയും പുസ്തക വായനയും പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും വര്‍ദ്ധിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

'വായനയുടെ വസന്തമെന്ന പദ്ധതിയുടെ ഭാഗമായി 12 കോടിയുടെ പുസ്തകങ്ങള്‍ കേരളത്തിലെ 14,000ത്തോളം വരുന്ന സ്‌കൂളുകളിലെ ചെറുതും വലുതുമായ ലൈബ്രറികളില്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, പല കാരണങ്ങള്‍കൊണ്ടും കുട്ടികള്‍ അവയെ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ട്, വായനക്കൊരു ഗ്രേസ് മാര്‍ക്ക് എന്ന രീതിയില്‍ പദ്ധതി കൊണ്ടുവരാന്‍ വിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. മാധ്യമസുഹൃത്തുക്കളോടും എഴുത്തുകാരോടുമൊപ്പം ഇതുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നിട്ടുണ്ട്. അവരുമായുള്ള കൂടിക്കാഴ്ചയുടെ പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വായനക്ക് 10 മാര്‍ക്ക് നല്‍കാനാണ് തീരുമാനം'. മന്ത്രി പറഞ്ഞു.

Tags: