ആര്‍ത്തവത്തിന്റെ പേരില്‍ ആക്ഷേപം; തുമ്പ സെന്റ് സേവിയേഴ്‌സില്‍ അധ്യാപകനെതിരേ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം

Update: 2026-01-09 13:53 GMT

തിരുവനന്തപുരം: തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പെണ്‍കുട്ടികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. വൈകുന്നേരത്തോടെ കോളേജിലെത്തിയ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടികളുടെ ആര്‍ത്തവത്തെ അധിക്ഷേപിച്ചതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു.

വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിന്മേല്‍ ഇന്ന് വൈകുന്നേരം അഞ്ചു മണിക്കകം നടപടി അറിയിക്കാമെന്ന് കോളേജ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നടപടി പ്രഖ്യാപിക്കുന്നതിനു പകരം കോളേജ് പെട്ടെന്ന് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റുകയായിരുന്നു. ഇത് അധ്യാപകനെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ സംഘമായി കോളേജിലെത്തി പ്രതിഷേധം ആരംഭിച്ചത്.

പട്ടം സെന്റ് മേരീസില്‍ വച്ച് നടന്ന ഏഴു ദിവസത്തെ എന്‍എസ്എസ് ക്യാംപിനിടേയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചത്. ക്യാംപിന്റെ ഭാഗമായി നടന്ന ചില മല്‍സരങ്ങളില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അധ്യാപകന്‍ അശ്ലീല പരാമര്‍ശം നടത്തിയത്. ചില വിദ്യാര്‍ഥിനികള്‍ ആര്‍ത്തവത്തിന്റെ പേരില്‍ മാറി നില്‍ക്കുന്നു, ആര്‍ത്തവമാണെന്ന് അറിയാന്‍ വസ്ത്രം ഊരി നോക്കാന്‍ കഴിയില്ലല്ലോ. ആത്മാഭിമാനം ഇല്ലാത്ത നിലയ്ക്ക് പോയി ചത്തൂടെ എന്നും അധ്യാപകന്‍ ചോദിച്ചതായി വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു.

Tags: