മലപ്പുറം: സ്വകാര്യ ബസുകള്‍ക്കിടയില്‍ പെട്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈവിരല്‍ അറ്റുപോയി. പറവണ്ണ മുറിവഴിക്കലില്‍ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ വാക്കാട് സ്വദേശി ഷഹനാസാണ് അപകടത്തില്‍ പെട്ടത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ ബസില്‍ യാത്രചെയ്യവെയായിരുന്നു അപകടം. ഷഹനാസ് സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന ബസും തമ്മില്‍ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിന്റെ വിരല്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു.പരുക്കേറ്റ ഷഹനാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.