ഗാല്‍വേയില്‍ മുസ് ലിം വിദ്യാര്‍ഥിയെ ക്രൂരമായി ആക്രമിച്ച് വിദ്യാര്‍ഥികള്‍
ഗാല്‍വേ: അയര്‍ലണ്ടിലെ ഗാല്‍വേയില്‍ മുസ് ലിം വിദ്യാര്‍ഥിയെ ക്രൂരമായി ആക്രമിച്ച് വിദ്യാര്‍ഥികള്‍. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കൗണ്ടി ഗാല്‍വേയിലെ തുവാമില്‍ നിന്നുള്ള 13 വയസ്സുള്ള ഇര്‍ഫാന്‍ ഉദ്ദീന്‍ ഗാസിക്കാണ് മര്‍ദ്ദനമേറ്റത്. ഒക്ടോബര്‍ 16 നാണ് സംഭവം നടന്നത്. എന്നാല്‍ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കൗണ്ടി ഗാല്‍വേയിലെ തുവാമിലെ ഷോപ്പ് സ്ട്രീറ്റിലാണ് ആക്രമണം നടന്നത്.
ഗാല്‍വേയിലെ ബംഗ്ലാദേശി സമൂഹത്തിലെ അംഗങ്ങളാണ് ഇര്‍ഫാനും കുടുംബവും. സമീപ മാസങ്ങളില്‍, അയര്‍ലണ്ടില്‍ ഇസ് ലാമോഫോബിയയും കുടിയേറ്റ വിരുദ്ധ സംഭവങ്ങളും വര്‍ധിച്ചുവരികയാണ്. തങ്ങള്‍ക്ക് യാതൊരു വിധ സുരക്ഷയുമില്ലെന്നും സമാധാനത്തോടെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. ബംഗാളി മുസ് ലിമായതുകൊണ്ടാണോ തങ്ങളെ ആക്രമിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.