ഒരു സ്‌കൂട്ടര്‍ രണ്ടുതവണ മോഷ്ടിച്ച വിദ്യാര്‍ഥികളെ പിടികൂടി

Update: 2025-11-01 02:49 GMT

ആലുവ: രണ്ടു ദിവസത്തില്‍ രണ്ടുതവണ മോഷണം പോയ സ്‌കൂട്ടര്‍ കണ്ടെത്തി. പതിനഞ്ചുകാരായ നാലു വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. കേസുമായി മുന്നോട്ടു പോവേണ്ടെന്ന് ഉടമ നിശ്ചയിച്ചതിനാല്‍ കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. എടത്തല എന്‍എഡി മുകള്‍ മുരളീധരന്‍ നായരുടേതാണ് സ്‌കൂട്ടര്‍.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെ പൈനാട്ടില്‍ അമ്പലത്തിന് സമീപത്തുവെച്ചായിരുന്നു ആദ്യ മോഷണം നടന്നത്. മുരളീധരന്‍ നായര്‍ പറമ്പില്‍ കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടറുമായി രണ്ടുപേര്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം എടത്തല പോലിസില്‍ പരാതി നല്‍കി. അടുത്ത ദിവസം ഈ സ്‌കൂട്ടര്‍ വടാശ്ശേരി ശാന്തിഗിരിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടനിലയില്‍ മുരളീധരന്‍ നായര്‍ കണ്ടെത്തി. ചങ്ങല ഉപയോഗിച്ച് സ്‌കൂട്ടര്‍ ബന്ധിച്ചശേഷം എടത്തല പോലിസില്‍ വിവരം അറിയിക്കുന്നതിനായി മുരളീധരന്‍നായര്‍ പോയി. എന്നാല്‍, തിരിച്ചുവന്നപ്പോള്‍ ബൈക്ക് അവിടെ ഉണ്ടായിരുന്നില്ല. ഇതോടെ പോലിസും അന്വേഷണം ഊര്‍ജിതമാക്കി. പിന്നീട് സൗത്ത് കളമശ്ശേരി കണ്‍ട്രോള്‍ റൂം പോലിസാണ് പ്രതികളെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുരളീധരന്‍നായര്‍ കളമശ്ശേരി സ്റ്റേഷനിലെത്തി സ്‌കൂട്ടര്‍ തിരിച്ചറിഞ്ഞു. പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ സ്‌കൂട്ടര്‍ പോലീസ് വിട്ടുകൊടുത്തു. വണ്ടി ഇരിക്കുന്നതുകണ്ടപ്പോള്‍ ഹരംതോന്നി എടുത്തുകൊണ്ടുപോയതാണെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു.