പൂജയ്ക്കുപോയ വിദ്യാര്‍ഥി മരിച്ച നിലയില്‍

പുലിയാക്രമണമാണെന്ന് സംശയം

Update: 2026-01-14 13:53 GMT

മംഗളൂരു: ക്ഷേത്രത്തിലെ ധനുപൂജയില്‍ പങ്കെടുക്കാന്‍ പോയ ഒമ്പതാം ക്ലാസുകാരന്‍ മരിച്ച നിലയില്‍. ദക്ഷിണ കന്നട ജില്ലയില്‍ ബെല്‍ത്തങ്ങാടിക്കടുത്ത കുവെട്ട് ഗ്രാമത്തിലെ സുബ്രഹ്‌മണ്യ നായിക്കിന്റെ മകന്‍ സുമന്താണ്(15)മരിച്ചത്. ബെല്‍ത്തങ്ങാടിക്കടുത്ത നള ക്ഷേത്രത്തിലെ ധനുപൂജയില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. തലയില്‍ ഗുരുതരമായ പരിക്കുകള്‍ കണ്ടതോടെയാണ് പുലിയുടെ സാന്നിധ്യമുള്ള പ്രദേശമായതിനാല്‍ പുലി അക്രമണമാണോയെന്ന സംശയം ഉയര്‍ന്നത്. ഗെരുക്കാട്ടെ ഗവ. ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് സുമന്ത്.

സുമന്തും രണ്ട് സുഹൃത്തുക്കളും ധനുപൂജക്കായി ദിവസവും നള ക്ഷേത്രത്തില്‍ പോകാറുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ സുമന്ത് വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. എന്നാല്‍ സുമന്തിനെ കാണാതായതോടെ മറ്റ് കുട്ടികള്‍ കാത്തുനില്‍ക്കാതെ പോയി. പിന്നീട് കുട്ടികള്‍ക്ക് സംശയം തോന്നി സുമന്തിന്റെ വീട്ടിലേക്ക് വിളിച്ച് ചോദിക്കുകയായിരുന്നു. എന്നാല്‍ അവന്‍ അതിരാവിലെ ക്ഷേത്രത്തിലേക്ക് പോയതായി അവര്‍ക്ക് വിവരം ലഭിച്ചു. സുമന്ത് ക്ഷേത്രത്തില്‍ എത്തിയിട്ടില്ലെന്ന് അറിയച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

സുമന്ത് പതിവായി പോകുന്ന വഴിയിലെ കുളത്തിനു സമീപം രക്തക്കറകള്‍ കണ്ടെത്തി. തുടര്‍ന്ന് പോലിസ്, വനം വകുപ്പ്, ഫയര്‍ ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. രാവിലെ 11.30ഓടെ സുമന്തിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. തലയില്‍ ഗുരുതരമായ പരിക്കുകള്‍ കണ്ടതിനെത്തുടര്‍ന്ന് മരണകാരണത്തെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നു. പുലികള്‍ ഇറങ്ങുന്ന പ്രദേശമായതിനാല്‍ കുട്ടി അക്രമത്തിന് ഇരയായതായാണ് നിഗമനം. ജില്ലാ പോലിസ് സൂപ്രണ്ട് ഡോ. കെ അരുണ്‍ കുമാര്‍, ബെല്‍ത്തങ്ങാടി പോലിസ് ഇന്‍സ്‌പെക്ടര്‍ സുബ്ബപുര മഠം, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് എം, തഹസില്‍ദാര്‍ പൃഥ്വി സാനികം, ആര്‍ഐ പാവടപ്പ, ബിഇഒ താരകേശ്വരി, എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.