സ്‌കൂളില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് വിദ്യാര്‍ഥി; പത്ത് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത
ഇടുക്കി: ബൈസണ്‍വാലി ഹൈസ്‌കൂളില്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് പ്ലസ് ടു വിദ്യാര്‍ഥി. സഹപാഠിയുടെ മാതാപിതാക്കളുമായുണ്ടായ തര്‍ക്കമാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. പത്തു വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇന്നു രാവിലെ ഒമ്പതരയോടെയാണ് സംഭവം.
വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തേ മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതു ചോദ്യം ചെയ്യാനായി വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ എത്തുകയും പ്ലസ്ടു വിദ്യാര്‍ഥിയുമായി വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥി കൈയില്‍ സൂക്ഷിച്ചിരുന്ന പെപ്പര്‍ സ്‌പ്രേ മാതാപിതാക്കളുടെ മുഖത്തേക്ക് പ്രയോഗിക്കുകയായിരുന്നു.
പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോഴാണ് മറ്റു വിദ്യാര്‍ഥികള്‍ക്കു നേരെയും പെപ്പര്‍ സ്‌പ്രേ അടിച്ചത്. പത്തു വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇവരില്‍ എട്ടുപേര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.