ക്ഷേത്രോല്‍സവത്തിനിടെ മദ്യപസംഘത്തിന്റെ മര്‍ദനമേറ്റ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

Update: 2026-03-06 08:31 GMT

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു. കുന്നത്തൂര്‍ ഐവര്‍കാല സ്വദേശിയായ ഹരികൃഷ്ണനാണ്(18)മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഹരികൃഷ്ണന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പത്തനംതിട്ട അടൂര്‍ മണക്കാല പോളിടെക്‌നിക് കോളേജിലെ ഒന്നാംവര്‍ഷ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിയായിരുന്നു ഹരികൃഷ്ണന്‍.

മാര്‍ച്ച് ഒന്നിന് ഞായറാഴ്ച രാത്രിയില്‍ ഹരികൃഷ്ണനും സഹോദരനും മരുത്തടി ക്ഷേത്രോല്‍സവത്തിനെത്തിയപ്പോഴായിരുന്നു ക്രൂര മര്‍ദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. അവിടെ ഉണ്ടായിരുന്ന മദ്യപസംഘം ഇവരുമായി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. നിലത്തു വീണ ഹരികൃഷ്ണനെ തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഹരികൃഷ്ണന്റെ സഹോദരന്‍ ജയകൃഷ്ണനും പരിക്കേറ്റിരുന്നു.

ഗുരുതര പരിക്കേറ്റ ഹരികൃഷ്ണന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെ ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഹരികൃഷ്ണനെ മര്‍ദ്ദിച്ച സംഭവത്തില്‍ മരുത്തടി സ്വദേശി സുനില്‍കുമാര്‍, രതീഷ്, ഷമില്‍രാജ്, ഷിബിന്‍ എന്നിവരെ ശക്തികുളങ്ങര പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം എസിപി രാജേഷിന്റെ മേല്‍നോട്ടത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.