വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം
പാലക്കാട്: ആര്‍എസ്എസ് നേതൃത്വത്തിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം. സ്‌കൂള്‍ അധികൃതര്‍ക്കും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുമെതിരേ കുടുംബം ആരോപണമുന്നയിച്ചു. സീനിയര്‍ വിദ്യാര്‍ഥികള്‍ മകളെ മര്‍ദിച്ചെന്നും ഹോസ്റ്റല്‍ വാര്‍ഡന് എല്ലാമറിയായിരുന്നെന്നും മരിച്ച വിദ്യാര്‍ഥിനിയുടെ പിതാവ് പറഞ്ഞു.
എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ ആരോപണം നിഷേധിച്ചു. ഇതുവരെയായും തനിക്ക് ഒരു തരത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകള്‍ രുദ്ര രാജേഷ് (16) ആണ് ഇന്നലെ തൂങ്ങിമരിച്ചത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് രുദ്ര. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. രാത്രി എട്ടോടെ ഭക്ഷണം കഴിക്കാനായി സുഹൃത്തുകള്‍ വിളിച്ചെങ്കിലും രുദ്ര വിസമ്മതിച്ചു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്.