വാല്‍പാറയില്‍ മുതലയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു

Update: 2024-04-16 06:27 GMT

വാല്‍പാറ: തമിഴ്‌നാട് വാല്‍പാറയില്‍ മുതലയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മാനാമ്പള്ളി വനചരഗം ഹോസ്റ്റലിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥി അജയ് (17) ആണ് മുതലയുടെ ആക്രമണത്തിന് ഇരയായത്. ഇരുകൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ അജയ് നിലവില്‍ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാല്‍പാറയ്ക്ക് സമീപം മാനാമ്പള്ളി എസ്‌റ്റേറ്റിനടുത്ത് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വനചരഗം ഹോസ്റ്റലിന് സമീപമുള്ള പുഴയിലാണ് അജയ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയത്. പുഴയില്‍ കുളിച്ചുകൊണ്ടിരിക്കെ അജയിയെ മുതല അക്രമിക്കുകയായിരുന്നു. കൈകള്‍ക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റ അജയിയെ വാല്‍പാറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു.

എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ആവശ്യമായതിനാല്‍ അജയിയെ വൈകാതെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മാനാമ്പള്ളിയിലെ എസ്‌റ്റേറ്റ് ജീവനക്കാരനായ രാജുവിന്റെ മകനാണ് അജയ്.

വാല്‍പാറയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇവിടെ ഒരാള്‍ക്ക് മുതലയുടെ ആക്രമണത്തില്‍ പരിക്കേറ്റതായി റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.

Tags:    

Similar News