സുഡാനില്‍ നിന്നുള്ള വിദ്യാര്‍ഥിയെ കുത്തിക്കൊന്നു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ലുധിയാന: പഞ്ചാബിലെ ഫഗ്വാഡ ജില്ലയിലെ സ്വകാര്യ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയായ സുഡാന് പൗരനെ കുത്തിക്കൊന്നു. മറ്റൊരു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മുഹമ്മദ് വാദ ബാല യൂസുഫ് അഹമദ് (25) ആണ് കൊല്ലപ്പെട്ടത്. സുഡാന് പൗരനായ അഹമദ് മുഹമ്മദ് നൂര്‍ അഹമദ് ഹുസെനാണ് പരിക്കേറ്റത്. വിദേശത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ കൂടുതലായി താമസിക്കുന്ന മഹേരു ഗ്രാമത്തിന് സമീപത്തിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് സത്നംപുര പോലിസ് അറിയിച്ചു. മരിക്കുന്നതിന് മുമ്പ് പ്രതികളുടെ പേരുകള്‍ യൂസുഫ് അഹമദ് പോലിസിനെ അറിയിച്ചു. ആദിത്യ ഗാര്‍ഗ്, അബ്ദുല്‍ അഹദ്, കുവാര്‍ അമര്‍ പര്‍താപ് സിങ്, മുഹമ്മദ് ഷുഹൈബ്, സുശാങ്ക്, യാശ് വര്ധന് രാജ്പുത് എന്നിവരാണ് പ്രതികള്‍.
രാവിലെയുള്ള പ്രാര്‍ത്ഥനക്ക് ശേഷം സുഡാന്‍കാരായ രണ്ടു വനിതാ വിദ്യാര്‍ഥികളുമായി നടക്കാന്‍ ഇറങ്ങിയതായിരുന്നു യൂസുഫ് അഹമദും ഹുസെനും. അപ്പോഴാണ് പ്രതികള്‍ അവിടെ എത്തിയതും വനിതാ വിദ്യാര്‍ഥികളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോദിച്ചതും. ഇതിനെ യൂസുഫ് അഹമദും ഹുസെനും ചോദ്യം ചെയ്തു. അപ്പോഴാണ് സംഘം ആക്രമിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സുരക്ഷ തേടി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പോലിസിനെ സമീപിച്ചു.