ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാംപൂര്‍ സ്വദേശി മുഹമ്മദ് ആന്‍(19)ആണ് റാവത്പൂരിലുള്ള ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്.
'അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്,' എന്നാണ് മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ ആന്‍ എഴുതിയിരുന്നത്.
നാലു ദിവസം മുന്‍പാണ് ആന്‍ ഹോസ്റ്റലില്‍ എത്തിയത്. ഹോസ്റ്റലിലെ സുഹൃത്തുകള്‍ പ്രാര്‍ത്ഥനയ്ക്കായി വിളിച്ചെങ്കിലും ആന്‍ പോയില്ല. പ്രാര്‍ത്ഥന കഴിഞ്ഞ് തിരികെ എത്തിയപ്പോഴേക്കും ആന്‍ മുറി അകത്ത് നിന്ന് പൂട്ടിയിരുന്നു. വാതിലില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതായതോടെ ഹോസ്റ്റല്‍ അധികൃതര്‍ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.
പോലിസ് എത്തി വാതില്‍ തുറന്നപ്പോള്‍ ആന്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.