ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമം; വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു
കോഴിക്കോട്: തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റു. പയ്യോളി സ്വദേശി സിനാനാണ് (18) പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ സിനാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു അപകടം. സിനാനും സുഹൃത്തും സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ കാല്‍വഴുതി വീഴാന്‍ പോയ സിനാന്‍ അബദ്ധത്തില്‍ മുകളിലെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ പിടിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അല്‍ഭുതകരമായി രക്ഷപ്പെട്ടു. റെയില്‍വേ സംരക്ഷണ സേനയെത്തിയാണ് സിനാനെ ആശുപത്രിയിലെത്തിച്ചത്.