ഡല്‍ഹിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം; പ്രധാനാധ്യാപിക ഉള്‍പ്പെടെ 4 സ്‌കൂള്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Update: 2025-11-21 08:20 GMT

ന്യൂഡല്‍ഹി: അധ്യാപകരുടം മാനസിക പീഡനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാനാധ്യാപിക ഉള്‍പ്പെടെ സെന്റ് കൊളംബസ് സ്‌കൂളിലെ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. 4 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ പ്രധാനാധ്യാപിക, 9, 10 ക്ലാസുകളുടെ കോര്‍ഡിനേറ്റര്‍, രണ്ട് അധ്യാപകര്‍ എന്നിവരെയാണ് താല്‍ക്കാലികമായി ചുമതലകളില്‍ നിന്ന് നീക്കം ചെയ്തത്.

അധ്യാപകര്‍ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് 16 വയസ്സുകാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. കുട്ടിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. അധ്യാപകരുടെ പീഡനമാണ് മരണകാരണമെന്ന് കുറിപ്പില്‍ പറയുന്നുണ്ട്.

'സോറി മമ്മി, ഞാന്‍ അനേകം തവണ നിങ്ങളുടെ ഹൃദയം വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അവസാനമായി ചെയ്യുകയാണ്. സ്‌കൂളിലെ അധ്യാപകര്‍ ഇങ്ങനെയാണെങ്കില്‍ എന്താ പറയാന്‍ കഴിയുക? എന്റെ അവയങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ അത് ആവശ്യമുള്ളവര്‍ക്ക് നല്‍കണം'- എന്നാണ് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. കത്ത് ലഭിക്കുന്നയാള്‍ അതിലുള്ള ഫോണ്‍ നമ്പറില്‍ വിളിച്ച് താന്‍ ചെയ്തതിന് മാപ്പ് പറഞ്ഞതായി അറിയിക്കണമെന്നും കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്. പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. തുടര്‍ച്ചയായ പരാതികളെ തുടര്‍ന്ന് കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ കുടുംബം തയ്യാറെടുത്തിരുന്നുവെന്നും പരീക്ഷകള്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുകളുണ്ട്.

Tags: