കുറ്റ്യാടിയില്‍ ആരോഗ്യ സെമിനാറില്‍ ഐഎപിഎ പ്രസിഡന്റിനു നേരെ നടന്ന ഗുണ്ടകളുടെ അതിക്രമത്തില്‍ ശക്തമായ പ്രതിഷേധം, വധശ്രമത്തിന് കേസെടുക്കുക: ഐഎപിഎ കോട്ടയം-ആലപ്പുഴ ജില്ലാ കമ്മിറ്റി

Update: 2025-11-09 06:29 GMT

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ബോധവത്കരണ സെമിനാറില്‍, ക്ലാസ് നയിച്ചു കൊണ്ടിരുന്ന ഐഎപിഎ സംസ്ഥാന പ്രസിഡന്റ് ഷുഹൈബ് റിയാലുവിനു നേരെ ഗുണ്ടകള്‍ ആക്രമണം നടത്തി. അക്രമം തടയാന്‍ ശ്രമിച്ച ഫെമിന യൂസുഫ് അടക്കമുള്ള മറ്റ് ചികില്‍സകര്‍ക്കും സാരമായി പരിക്കേറ്റു. പ്രായമായ രോഗികളും ഗര്‍ഭിണിയായ സ്ത്രീയുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രോഗ്രാമിലാണ് സാമൂഹിക വിരുദ്ധര്‍ ആക്രോശം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം അഴിച്ചു വിട്ടത്. 'നമ്മുടെ ആരോഗ്യം: തിരിച്ചറിവിന്റെ ഒരു ദിവസം' എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ഈ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഐഎപിഎ സംസ്ഥാന പ്രസിഡന്റിനെ ആക്രമിക്കുകയും പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും പൊതുജനങ്ങളെ പരിഭ്രാന്തിയിലാക്കുകയും ചെയ്ത സംഭവത്തില്‍ ശക്തമായ ആരോഗ്യ പ്രതിഷേധം രേഖപ്പെടുത്തുകയും അക്രമികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ഐഎപിഎ കോട്ടയം-ആലപ്പുഴ ജില്ല ഘടകം ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ ഇതിനെതിരില്‍ അതിശക്തമായ പ്രതിഷേധപ്രകടനങ്ങള്‍ ഉണ്ടാവുമെന്ന് ഐഎപിഎ കോട്ടയം-ആലപ്പുഴ ജില്ല പ്രസിഡന്റ് സുധീര്‍ സുബൈര്‍അറിയിച്ചു.