സൈനിക മേധാവിയെ അപമാനിച്ച ബിജെപി വക്താവിനെതിരേ കേസെടുക്കണമെന്ന് ആവശ്യം

'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന' പോലെയായിരുന്നു മോദിയും അജിത് ഡോവലും ബിപിന്‍ റാവത്തുമെന്ന സന്ദീപ് വചസ്പതിയുടെ പോസ്റ്റാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്‌

Update: 2021-12-09 08:12 GMT

കോഴിക്കോട് : ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ അപമാനിച്ച ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തം. ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടുള്ള സന്ദീപ് വചസ്പതിയുടെ പോസ്റ്റിലെ പരാമര്‍ശങ്ങളാണ് കടുത്ത പ്രതിഷേധത്തിനിടയാക്കിയത്. ബിജെപി അനുഭാവികളടക്കം ഒട്ടേറെ പേര്‍ പരാമര്‍ശത്തിനെതിരേ രംഗത്തു വന്നിട്ടും ബിജെപി വക്താവ് തിരുത്താന്‍ തയ്യാറായിട്ടില്ല. 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന' പോലെയായിരുന്നു മോദിയും അജിത് ഡോവലും ബിപിന്‍ റാവത്തുമെന്നാണ് സന്ദീപ് വചസ്തപതി പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

'43 വര്‍ഷത്തെ സമര്‍പ്പിത സൈനിക സേവനം. കഴിഞ്ഞ കുറേക്കാലമായി ഭാരതത്തിന്റെ സുരക്ഷ എന്നതിന്റെ പര്യായമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയായിരുന്നു നരേന്ദ്രമോദിയും അജിത് ഡോവലും ബിപിന്‍ റാവത്തും. സര്‍ജിക്കല്‍ സ്‌്രൈടക്ക് അടക്കമുള്ള തിരിച്ചടികള്‍ ഭാരതത്തിന് പരിചയപ്പെടുത്തിയ സൈന്യാധിപന്റെ മരണത്തില്‍ ജിഹാദികള്‍ ആഘോഷിക്കുന്നതില്‍ തെറ്റ് പറയാന്‍ സാധ്യമല്ല. കാരണം റാവത്ത് അവരുടെ പേടി സ്വപ്നമായിരുന്നു. ഭാരതാംബയുടെ വീര പുത്രന്, ധീര യോദ്ധാവിന് അന്ത്യ പ്രണാമം' എന്നാണ് സന്ദീപ് വചസ്പതിയുടെ പോസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൂടി അധിക്ഷേപിക്കുന്നതാണ് വചസ്പതിയുടെപോസ്റ്റ്. പോസ്റ്റിന് താഴെ നിരവധിപേരാണ് പ്രതിഷേധിച്ചും, പരിഹസിച്ചും രംഗത്തു വന്നത്. സൈന്യാധിപന്‍ ബിപിന്‍ റാവത്തിനെ അപമാനിച്ചു എന്നാണ് പ്രതിഷേധമുയര്‍ത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പ്രധാന സേവകനെ ഇകഴ്ത്തിയ സന്ദീപ് വചസ്പതിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.

'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്ന പ്രയോഗം കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്, രാജ്യത്തിന്റെ വീരപുത്രനെ അപമാനിക്കുന്ന വാചകങ്ങള്‍ തിരുത്തുക എന്നാണ് ഒരു ബിജെപി പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത്. പട്ടാളം ഇന്ത്യയുടെതാണ് സംഘികളുടെതല്ല എന്നുംചിലര്‍ ബിജെപി വക്താവിനെ ഓര്‍മ്മിപ്പിക്കുന്നു.

Tags:    

Similar News