ചെന്നൈയില്‍ പിറ്റ്ബുള്‍, റോട്ട് വീലര്‍ നായ്ക്കള്‍ക്ക് കര്‍ശന നിയന്ത്രണം

നഗരത്തിലിറക്കരുത്, ലൈസന്‍സ് നല്‍കില്ല, വാങ്ങാനും വില്‍ക്കാനും കഴിയില്ല

Update: 2025-12-19 12:51 GMT

ചെന്നൈ: പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പിറ്റ്ബുള്‍, റോട്ട്വീലര്‍ ഇനം നായ്ക്കളുടെ വളര്‍ത്തലിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ചെന്നൈ കോര്‍പറേഷന്‍. നഗരപരിധിയില്‍ ഇനി മുതല്‍ ഈ ഇനത്തില്‍പെട്ട നായ്ക്കളെ വളര്‍ത്തുന്നതിനും പുതിയ ലൈസന്‍സ് നല്‍കുന്നതിനും ചെന്നൈ കോര്‍പറേഷന്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. വാര്‍ഷിക ലൈസന്‍സ് പുതുക്കലും നിര്‍ത്തലാക്കുമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

സമീപകാലത്ത് ഈ ഇനം നായ്ക്കള്‍ കടിച്ച് പൊതുജനങ്ങള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതാണ് ഈ നടപടിക്കു കാരണമായത്. ഡിസംബര്‍ 20 മുതലാകും നിരോധനം പ്രാബല്യത്തില്‍വരുക. പുതുതായി ഈ നായ്ക്കളെ വാങ്ങാനോ വില്‍ക്കാനോ കഴിയില്ലെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. നിശ്ചിത തീയതിക്ക് ശേഷം ലൈസന്‍സില്ലാതെ ഈ ഇനത്തില്‍പെട്ട നായ്ക്കളെ വാങ്ങുകയോ വളര്‍ത്തുകയോ പ്രജനനം നടത്തുകയോ ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.

നിലവില്‍ ലൈസന്‍സുള്ള ഈ ഇനം നായ്ക്കളെ പിടിച്ചെടുക്കില്ലെങ്കിലും, അവയെ പുറത്തിറക്കുമ്പോള്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. പിറ്റ്ബുള്‍, റോട്ട്വീലര്‍ ഇനം നായ്ക്കളെ പുറത്ത് കൊണ്ടുപോകണമെങ്കില്‍ വായ മൂടിക്കെട്ടണമെന്നും കട്ടിയുള്ള തുടലുണ്ടായിരിക്കണമെന്നും ചെന്നൈ കോര്‍പറേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവരില്‍നിന്ന് 5,000 രൂപ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലൈസന്‍സില്ലാതെ പുതിയതായി ഈ ഇനം നായ്ക്കളെ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ഏര്‍പ്പെടുത്തുമെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഈ തീരുമാനം ചെന്നൈ നഗരപരിധിയില്‍ പൊതുസുരക്ഷ ഉറപ്പാക്കാനും ആക്രമണസ്വഭാവമുള്ള ഇനങ്ങളുടെ വ്യാപനം തടയാനും സഹായിക്കുമെന്നാണ് കോര്‍പറേഷന്‍ പ്രതീക്ഷിക്കുന്നത്.

സമീപ മാസങ്ങളില്‍ പിറ്റ്ബുള്‍, റോട്ട്വീലര്‍ നായ്ക്കള്‍ മനുഷ്യരെ ആക്രമിക്കുന്ന കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കോര്‍പറേഷന്റെ ഈ കടുത്ത നടപടി. കഴിഞ്ഞ ആഗസ്റ്റില്‍ ചെന്നൈയില്‍ ഏഴുവയസുകാരിക്ക് പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. മറ്റൊരു സംഭവത്തില്‍ അയല്‍വാസിയുടെ പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ 55കാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Tags: