ശുചിത്വ-മാലിന്യ സംസ്‌കരണ നിയമലംഘനങ്ങള്‍ക്കെതിരേ കടുത്ത നടപടി; 2025ല്‍ 36.78 ലക്ഷം രൂപ പിഴ ഈടാക്കി

Update: 2026-01-03 06:08 GMT

തൊടുപുഴ: ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയിലെ നിയമലംഘനങ്ങള്‍ തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ച് ശുചിത്വ മിഷന്‍. 2025ല്‍ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ 1,863 പരിശോധനകള്‍ നടത്തി. ഇതില്‍ 649 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 493 കേസുകളിലായി 36,78,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള നിരോധിത ഡിസ്‌പോസബിള്‍ വസ്തുക്കളുടെ സംഭരണം, വില്‍പ്പന, ഉപയോഗം എന്നിവയ്‌ക്കെതിരേ ഹൈക്കോടതി ഉള്‍പ്പെടെ വിവിധ ഉത്തരവുകളും സര്‍ക്കുലറുകളും നിലവിലുണ്ടായിരിക്കെയാണ് ഇത്രയധികം നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് ശുചിത്വ മിഷന്‍ വ്യക്തമാക്കി. ജില്ലാതലത്തില്‍ രണ്ട് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തുന്നത്. പിഴ ഈടാക്കുന്ന നടപടികള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നടപ്പാക്കുന്നത്.

നിരോധിത വസ്തുക്കളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കുപുറമെ, പൊതുസ്ഥലങ്ങളുടെയും ജലാശയങ്ങളുടെയും മലിനീകരണം, മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, മലിനജലം ഒഴുക്കല്‍ തുടങ്ങിയ എല്ലാ തരത്തിലുള്ള ലംഘനങ്ങള്‍ക്കും നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 9446700800 എന്ന നമ്പറില്‍ വാട്‌സാപ്പിലൂടെ ലഭിക്കുന്ന പരാതികളിലും നടപടി സ്വീകരിക്കും. നിയമലംഘനങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നവര്‍ക്കു പിഴത്തുകയിലെ 25 ശതമാനം പ്രോല്‍സാഹനമായി നല്‍കുമെന്നും അറിയിച്ചു.

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ക്ക് പുറമേ, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മൂന്നു സ്‌ക്വാഡുകളും തദ്ദേശ സ്വയംഭരണ സ്ഥാപനതല വിജിലന്‍സ് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്. തൊടുപുഴ, ഇളംദേശം, കട്ടപ്പന, അഴുത ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും കട്ടപ്പന, തൊടുപുഴ നഗരസഭകള്‍ക്കും ഒരു സ്‌ക്വാഡ് ചുമതലയുള്ളപ്പോള്‍, രണ്ടാം സ്‌ക്വാഡ് ഇടുക്കി, ദേവികുളം, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുകളിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാം സ്‌ക്വാഡ് കട്ടപ്പന, ഇടുക്കി ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലാണെന്നും ശുചിത്വ മിഷന്‍ അറിയിച്ചു.

Tags: