'തെരുവുനായ്ക്കളെ വന്ധ്യകരിച്ച ശേഷം വിട്ടയക്കാം'; ഉത്തരവ് ഭേഗഗതി ചെയ്ത് സുപ്രിംകോടതി

Update: 2025-08-22 05:55 GMT

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ സംബന്ധിച്ച ആഗസ്റ്റ് എട്ടിലെ വിവാദപരമായ ഉത്തരവില്‍ മാറ്റം വരുത്തി സുപ്രിംകോടതി. നായ്ക്കളെ വാക്‌സിനേഷനും വിരമരുന്നും നല്‍കി അവയെ അതേ പ്രദേശത്തേക്ക് വിടണമെന്നാണ് നിര്‍ദേശം. എന്നിരുന്നാലും, പേവിഷബാധയോ ആക്രമണാത്മക സ്വഭാവമോ ഉള്ള നായ്ക്കളെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും പ്രത്യേക ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കുകയും ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. കേസ് വിശദമായി കേട്ട ശേഷം ഒരു ദേശീയ നയം രൂപീകരിക്കുമെന്നും കോടതി പറഞ്ഞു.

ഡല്‍ഹിഎന്‍സിആറിലെ എല്ലാ തെരുവ് നായ്ക്കളെയും എട്ട് ആഴ്ചയ്ക്കുള്ളില്‍ പിടികൂടി പ്രത്യേക ഷെല്‍ട്ടറുകളില്‍ സൂക്ഷിക്കണമെന്ന് ഡല്‍ഹിഎന്‍സിആറിലെ പൗര അധികാരികളോട് നിര്‍ദ്ദേശിച്ച ഓഗസ്റ്റ് 8 ലെ ഉത്തരവിലാണ് നിരവധി മാറ്റങ്ങള്‍ വരുത്താന്‍ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍വി അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം. ജസ്റ്റിസ് പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ആഗസ്റ്റ് എട്ടിലെ ഉത്തരവ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതിനെത്തുടര്‍ന്ന്, ചീഫ് ജസ്റ്റിസ് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, തെരുവുനായ്ക്കള്‍ക്ക് പരസ്യമായി ഭക്ഷണം നല്‍കുന്നത് അനുവദിക്കില്ലെന്നും അത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോടതി കര്‍ശനമായി പറഞ്ഞു.തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കി.

Tags: