തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ പ്രതിരോധമാണ് നായ കടിച്ചതിനു ശേഷമുള്ള ചികില്‍സയേക്കാള്‍ നല്ലതെന്ന് സുപ്രിം കോടതി. തെരുവുനായകളെ കേന്ദ്രീകരിച്ചുള്ള വാദങ്ങളെ ചോദ്യം ചെയ്ത് സുപ്രം കോടതി, തെരുവുനായ്ക്കള്‍ മറ്റു ജീവികളെപ്പോലെ തന്നെയാണെന്ന് ചൂണ്ടിക്കാട്ടി.
തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികളില്‍ ബുധനാഴ്ച വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയില്‍ നിന്ന് ചോദ്യമുയര്‍ന്നത്. ''മറ്റ് മൃഗങ്ങളുടെ ജീവിതത്തിന്റെ കാര്യമോ? കോഴികളുടെയും ആടുകളുടെയും കാര്യമോ? അവയ്ക്ക് ജീവനില്ലേ?'' എന്നായിരുന്നു വാദത്തിനിടെയുള്ള കോടതിയുടെ ചോദ്യം.
മൃഗസ്നേഹികള്‍ക്ക് പകരം നായസ്നേഹികളെ കേന്ദ്രീകരിച്ചാണ് കാര്യങ്ങളെല്ലാം നീങ്ങുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. ഒരു ഗേറ്റഡ് കോളനിക്കുള്ളില്‍ നായ്ക്കള്‍ അലഞ്ഞുതിരിയണോ എന്നത് തീരുമാനിക്കേണ്ടത് വ്യക്തികളല്ല എന്നും മറിച്ച് റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂളുകള്‍, ആശുപത്രികള്‍, കോടതികള്‍ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ തെരുവുനായ്ക്കളുടെ സാന്നിധ്യത്തെയും കോടതി ചോദ്യംചെയ്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍വി അഞ്ജാരിയ എന്നിവരാണ് കേസ് പരിഗണിച്ചത്. ഒരു നായ കടിക്കാനുള്ള മൂഡിലാണെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. സ്‌കൂളുകള്‍, ആശുപത്രികള്‍, കോടതികള്‍ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തെരുവുനായ്ക്കള്‍ എന്തിന് ഉണ്ടാകണം. ഇത്തരം സ്ഥലങ്ങളില്‍നിന്ന് അവയെ മാറ്റുന്നതില്‍ എന്ത് എതിര്‍പ്പാണ് ഉണ്ടാകുന്നതെന്നും കോടതി ആരാഞ്ഞു.
ഞങ്ങള്‍ ഇവിടെ നായ പ്രേമികളായും പരിസ്ഥിതി സ്‌നേഹികളായുമാണ് നില്‍ക്കുന്നതെന്ന പറഞ്ഞ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ കോടതി ചോദ്യം ചെയ്തു. മറ്റ് മൃഗങ്ങളുടെ ജീവിതത്തിന്റെ കാര്യമോ എന്ന് കോടതി എടുത്ത് ചോദിച്ചു. കോഴികളെ വളരെ ക്രൂരമായ രീതിയില്‍ കൂട്ടിലടയ്ക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് താന്‍ ചിക്കന്‍ കഴിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ് എന്നായിരുന്നു സിബല്‍ മറുപടി നല്‍കിയത്.
90 ശതമാനം താമസക്കാരും തെരുവുനായ്ക്കളെ എതിര്‍ത്താലും ബാക്കി 10 ശതമാനം പേര്‍ അവയെ നിലനിര്‍ത്തണമെന്ന് വാശിപിടിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നായസ്നേഹികളുടെ വലിയൊരു നിര തന്നെയുണ്ടെങ്കിലും തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന് നായയുടെ കടിയേറ്റ മുതിര്‍ന്ന പൗരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രതിരോധമാണ് പ്രധാനം. അപകടകാരികളായ നായ്ക്കളെ അവയുടെ പെരുമാറ്റം കൊണ്ട് മാത്രം തിരിച്ചറിയാന്‍ കഴിയില്ല. ഇത് റോഡുകളിലെയും തെരുവുകളിലെയും നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ വലിയ വെല്ലുവിളിയാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.

