തെരുവുനായശല്യം; തുറസ്സായ സ്ഥലങ്ങളില്‍ ഭക്ഷണം വലിച്ചെറിയരുത്; സര്‍ക്കുലര്‍ പുറത്തിറക്കി സുപ്രിംകോടതി

Update: 2025-08-12 10:10 GMT

ന്യൂഡല്‍ഹി: തുറസ്സായ സ്ഥലങ്ങളില്‍ ഭക്ഷണം വലിച്ചെറിയരുതെന്ന് സുപ്രിംകോടതി. തെരുവുനായശല്യം പരിഹരിക്കാന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് നിര്‍ദേശം. ഡല്‍ഹിയിലെ തെരുവുനായ വിഷയത്തില്‍ നായ്ക്കളെ പിടികുടാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. തെരുവില്‍ ഭക്ഷണം വലിച്ചെറിയുന്നതടക്കമുള്ള നടപടികള്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നതിലേക്കു നയിക്കുമെന്നും ഇത് ആളുകള്‍ക്ക് കടിയേല്‍ക്കുന്നതിനു കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ നിങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അത് എല്ലാവരുടേയും സുരക്ഷക്ക് പ്രധാനമാണെന്നും കോടതി പറഞ്ഞു.

എട്ട് ആഴ്ചയ്ക്കുള്ളില്‍ തെരുവുകളില്‍ നിന്ന് തെരുവ് നായ്ക്കളെ പിടികൂടി നായ സംരക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഡല്‍ഹിയിലെ എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിരുന്നു നിര്‍ദേശം. നായ്ക്കളെ പിടിക്കുന്ന സമയത്ത് ഏതെങ്കിലും വ്യക്തിയോ സംഘടനയോ എന്തെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു.

നായ പിടി കൂടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം, മൃഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ പ്രവര്‍ത്തകര്‍ക്കെല്ലാം റാബിസിന് ഇരയായവരെ തിരികെ കൊണ്ടുവരാന്‍ കഴിയുമോ എന്ന് കോടതി മൃഗസംരക്ഷണ സംഘടനയോട് ചോദിച്ചിരുന്നു.

Tags: