പൗള്‍ട്രി ഫാമില്‍ തെരുവുനായ ആക്രമണം, നിരവധി കോഴികളെ കടിച്ചുകൊന്നു

Update: 2025-10-06 16:56 GMT

നെയ്യാറ്റിന്‍കര: കാഞ്ഞിരംകുളം കഴിവൂരിലെ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ തെരുവുനായ ആക്രമണത്തില്‍ നിരവധി കോഴികള്‍ ചത്തു. കഴിവൂര്‍ വേങ്ങനിന്ന ആര്‍എസ് ഭവനില്‍ രാജുവും സുനജ കുമാരിയും ചേര്‍ന്നു നടത്തുന്ന ഐശ്വര്യ പൗള്‍ട്രി ഫാമില്‍ ഇന്നലെ പുലര്‍ച്ചെയാണ് തെരുവുനായ ആക്രമണമുണ്ടായത്. ദീപാവലി വിപണി ലക്ഷ്യമിട്ട് ആയിരത്തിലധികം കോഴികളെയായിരുന്നു ഇവിടെ വളര്‍ത്തിവന്നിരുന്നത്.

ഫാമിലെ ഇരുമ്പ് വല കടിച്ചു മുറിച്ച് അകത്തുകടന്ന നാലുനായ്ക്കള്‍ ചേര്‍ന്ന് 27 ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെ കടിച്ചു കൊന്നു. തമിഴ്‌നാട്ടില്‍ നിന്ന് ഒരുദിവസം പ്രായമായ 1,200 കോഴികളെയാണ് ഫാമിലെത്തിച്ചിരുന്നത്. 15 വര്‍ഷമായി നടത്തിവരുന്ന പൗള്‍ട്രി ഫാമില്‍ ആദ്യമായാണ് നായ്കളുടെ ആക്രമണമുണ്ടായതെന്ന് രാജു പറയുന്നു. മൂന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകള്‍ അറിയിച്ചു. കാഞ്ഞിരംകുളം വെറ്ററിനറി ആശുപത്രിയിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത കോഴികളെ മറവ് ചെയ്തു.