പാറമേക്കാവിന്റെ പടക്കനിര്‍മ്മാണ ശാലയ്ക്ക് സേ്റ്റാപ്പ് മെമ്മോ

Update: 2026-04-22 06:02 GMT

തൃശൂര്‍: പാറമേക്കാവിന്റെ പടക്കനിര്‍മ്മാണ ശാലയ്ക്ക് സേ്റ്റാപ്പ് മെമ്മോ നല്‍കി. മുതലമടയിലെ പടക്കനിര്‍മ്മാണ ശാലയ്ക്കാണ് സേ്റ്റാപ്പ് മെമ്മോ നല്‍കിയത് . ജില്ലാ കലക്ടര്‍ ആണ് നിര്‍ദേശം നല്‍കിയത്. ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രദേശം സീല്‍ ചെയ്തു. സ്ഥലത്ത് പരിശോധന നടക്കുകയാണ്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കൃത്യമായ അകലം പാലിച്ചാണോ പടക്ക നിര്‍മ്മാണം തുടങ്ങി നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമഗ്രമായ അന്വേഷണം നടക്കുമെന്നും അവര്‍ അറിയിച്ചു.

മുണ്ടത്തിക്കോട്ട് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്തു . 15 ശരീര ഭാഗങ്ങളാണ് ഇനി പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ളത്. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് വേഗത്തില്‍ നടത്തും.

ലൈസന്‍സി സതീശന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ഒരാളെ ഇപ്പോള്‍ സര്‍ജറിക്കു വിധേയമാക്കും. തിരിച്ചറിയാനാകാത്ത ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അപകടത്തില്‍പെട്ടവര്‍ക്കുള്ള ധനസഹായം കാബിനറ്റ് ഇന്ന് തീരുമാനിക്കും.

തൃശ്ശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയിലാണ് ഇന്നലെ സ്ഫോടനം നടന്നത്. 13പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ആറ് പേരെ തിരിച്ചറിഞ്ഞു.പരിക്കേറ്റ്13 പേരാണ് ചികിത്സയിലുള്ളത്.10 പേര്‍ ഐസിയുവില്‍ തുടരുന്നു.

Tags: