ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നുദിവസത്തെ നേട്ടങ്ങള്‍ക്ക് ശേഷം ഓഹരി വിപണിയിടിഞ്ഞു. സാമ്പത്തിക സര്‍വേ റിപോര്‍ട്ട് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ശക്തമായ വളര്‍ച്ച പ്രവചിച്ചിട്ടും പ്രധാന ആഭ്യന്തര, ആഗോള സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് നിക്ഷേപകര്‍ ജാഗ്രത പാലിച്ചതോടെ സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു.
മെറ്റല്‍, ഐടി ഓഹരികളിലെ വന്‍തോതിലുള്ള വില്‍പ്പനയാണ് വിപണിയെ പിന്നോട്ടടിച്ചത്. കേന്ദ്ര ബജറ്റ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുന്‍ഗണന നല്‍കുന്നതും വിപണിയെ സമ്മര്‍ദ്ദത്തിലാക്കി.
രാവിലെ 9:30 ഓടെ എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് 516.43 പോയിന്റ് ഇടിഞ്ഞ് 82,049.94 ലും എന്‍ എസ് ഇ നിഫ്റ്റി 50 192.75 പോയിന്റ് ഇടിഞ്ഞ് 25,226.15 ലും എത്തി. ഇന്നത്തെ ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന് വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയാണ്. ജനുവരിയില്‍ ഇതുവരെ 43,686.59 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. ജനുവരി 29 ന് മാത്രം വിദേശ നിക്ഷേപകര്‍ 394 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് (91.9850) കൂപ്പുകുത്തിയത് വിപണിയെ പ്രതികൂലമായി ബാധിച്ചു. ഈ മാസം ഇതുവരെ രൂപയുടെ മൂല്യം ഏകദേശം 2.3% ഇടിഞ്ഞു. 2022 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ തകര്‍ച്ചയിലേക്കാണ് രൂപ നീങ്ങുന്നത്. ഇത് കമ്പനികളുടെ ഇറക്കുമതി ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ട്.