കുട്ടികളെ ഓടയിലേക്ക് വലിച്ചെറിഞ്ഞ് കൊല്ലാന്‍ ശ്രമം; രണ്ടാനച്ഛന്‍ അറസ്റ്റില്‍
നോയിഡ: ഉത്തര്‍പ്രദേശില്‍ 10 അടി താഴ്ചയുള്ള ഓടയിലേക്ക് കുട്ടികളെ വലിച്ചെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. നീലത്തിന്റെ രണ്ടാം ഭര്‍ത്താവായ ആശിഷാണ് അറസ്റ്റിലായത്. നോയിഡയിലെ സെക്ടര്‍ 137ന് സമീപം പരസ് ടിയെറ സൊസൈറ്റിക്ക് അടുത്താണ് സംഭവം.
അഞ്ചുവയസ്സുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയുമാണ് പ്രതി ഓടയിലേക്ക് തള്ളിയത്. ആ സമയത്ത് അതുവഴി സഞ്ചരിച്ചിരുന്ന ഡെലിവറി ജീവനക്കാര്‍ ഓടയില്‍ നിന്നുയര്‍ന്ന കരച്ചില്‍ കേട്ട് കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളോട് രണ്ടാനച്ഛനായ ആശിഷിന് വിദ്വേഷമുണ്ടായിരുന്നുവെന്നും അവരെ കൂടെ താമസിപ്പിക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുട്ടികളുടെ അമ്മ നീലത്തെ മാര്‍ക്കറ്റില്‍ കൊണ്ടുപോയ ശേഷം വീട്ടിലേക്ക് മടങ്ങിയെത്തി ഇയാള്‍ കുട്ടികളെ പുറത്തേക്ക് കൊണ്ടുപോയി ഓടയിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആശിഷിനെ അറസ്റ്റ് ചെയ്തതായി സെക്ടര്‍ 142 പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് സര്‍വേഷ് ചന്ദ്ര അറിയിച്ചു.