സ്റ്റെം സെല്‍ തെറാപ്പി; എച്ച്‌ഐവിയില്‍ നിന്ന് പൂര്‍ണ മുക്തി നേടി ഓസ്ലോ പേഷ്യന്റ്
ഓസ്ലോ: എച്ച്‌ഐവി ചികില്‍സാരംഗത്ത് പ്രതീക്ഷ പകരുന്ന അപൂര്‍വ നേട്ടമായി നോര്‍വെയില്‍ ഒരു കേസ് റിപോര്‍ട്ട് ചെയ്തു. 'ഓസ്ലോ പേഷ്യന്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 63കാരന്‍, സഹോദരനില്‍ നിന്ന് സ്വീകരിച്ച സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍ ചികില്‍സയിലൂടെ എച്ച്‌ഐവിയില്‍ നിന്ന് പൂര്‍ണ്ണമായും മോചിതനായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
2006ലാണ് ഇയാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. തുടര്‍ന്ന് 2017ല്‍ 'മൈലോഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രോം' എന്ന ഗുരുതര രക്താര്‍ബുദം ബാധിച്ചു. അര്‍ബുദ ചികില്‍സയുടെ ഭാഗമായാണ് ബോണ്‍ മാരോ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് നടത്തിയത്. 2020ല്‍ സഹോദരനില്‍ നിന്ന് സ്റ്റെം സെല്‍ സ്വീകരിച്ച ശേഷം, കഴിഞ്ഞ മൂന്നു വര്‍ഷമായി എച്ച്‌ഐവി മരുന്നുകള്‍ ഉപയോഗിക്കാതിരുന്നിട്ടും ശരീരത്തില്‍ വൈറസ് കണ്ടെത്താനായിട്ടില്ലെന്ന് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. രോഗമുക്തിക്ക് കാരണമായത് CCR532/32 എന്ന അപൂര്‍വ ജനിതക വ്യത്യാസമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ മാറ്റം ഉള്ള കോശങ്ങളില്‍ എച്ച്‌ഐവി വൈറസിന് പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍, പുതിയ പ്രതിരോധ കോശങ്ങള്‍ ശരീരത്തില്‍ വ്യാപിച്ച് വൈറസിനെ ഇല്ലാതാക്കുകയായിരുന്നു.
ഇതിന് മുന്‍പ് ബെര്‍ലിന്‍, ലണ്ടന്‍ തുടങ്ങിയ ഇടങ്ങളില്‍ റിപോര്‍ട്ട് ചെയ്ത രോഗമുക്തി കേസുകളില്‍ അപരിചിത ദാതാക്കളില്‍ നിന്നായിരുന്നു സ്റ്റെം സെല്‍ സ്വീകരിച്ചത്. എന്നാല്‍ ബന്ധുവില്‍ നിന്ന്, പ്രത്യേകിച്ച് സഹോദരനില്‍ നിന്ന്, സെല്‍ സ്വീകരിക്കുന്നത് പ്രതിരോധ പ്രതികരണങ്ങള്‍ കുറയ്ക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷിതമെന്നതാണ് ഈ കേസിന്റെ പ്രത്യേകത. അതേസമയം, ഈ ചികില്‍സ എല്ലാ എച്ച്‌ഐവി രോഗികള്‍ക്ക് പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് വലിയ അപകടസാധ്യതയുള്ള ചികില്‍സയാണ്. ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നവരില്‍ 10 മുതല്‍ 20 ശതമാനം വരെ ആളുകള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുന്നതായാണ് കണക്കുകള്‍.
നിലവില്‍ ഗുരുതര അര്‍ബുദം കൂടിയ എച്ച്‌ഐവി രോഗികളില്‍ മാത്രമാണ് ഈ ചികില്‍സ പരീക്ഷിക്കുന്നത്. എന്നിരുന്നാലും, എച്ച്‌ഐവി പൂര്‍ണമായി ഭേദമാക്കാനുള്ള ഗവേഷണങ്ങള്‍ക്ക് ഓസ്ലോ പേഷ്യന്റിന്റെ പുതിയ കേസ് പ്രതീക്ഷ നല്‍കുന്നതായി ശാസ്ത്രലോകം വിലയിരുത്തുന്നു.
