മുഴപ്പിലങ്ങാട്ട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞു

Update: 2025-03-10 09:47 GMT

മുഴപ്പിലങ്ങാട്: എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞു. മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിന്റെ വീട്ടിന് നേരെയാണ് സ്റ്റീല്‍ ബോംബെറിഞ്ഞത്. ഇന്നു പുലര്‍ച്ചെ ആറേകാലോടെയാണ് സംഭവം. നിരവധി കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകരായ പ്രജീഷ് എന്ന മുത്തു, ഷിന്റോ (കോളശ്ശേരി ) എന്നിവര്‍ ബൈക്കിലെത്തിയാണ് സ്റ്റീല്‍ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

മുഴപ്പിലങ്ങാട് ശ്രീകൂര്‍മ്പ ക്ഷേത്ര താലപ്പൊലി മഹോല്‍സവത്തിനിടെയാണ് പ്രതികള്‍ സ്റ്റീല്‍ ബോംബെറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ ചെറിയ വരാന്തയുടെ ടൈല്‍സ് തറയിലാണ് ബോംബ് പതിച്ചത്. വീട്ടിന്റെ ചുവരിനും ടൈല്‍സിനും കേട് പാട് പറ്റിയിട്ടുണ്ട്. മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനും കേട് പാട് പറ്റിയിട്ടുണ്ട്. ഈ സമയം വീട്ടുകാര്‍ ഉള്ളിലുണ്ടായിരുന്നു.

ഉല്‍സവം നടക്കുന്ന ക്ഷേത്രത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരത്തിലാണ് ആക്രമത്തിനിരയായ വീട് നില്‍ക്കുന്നത്. ഉല്‍സവത്തിന്റെ വെടിക്കെട്ട് അവസാനിച്ചയുടനെയായിരുന്നു ബോംബെറിഞ്ഞത്. നേരത്തെയും പ്രജീഷ് എന്ന മുത്തു സിറാജിന് നേരെ വധ ഭീഷണി മുഴക്കുകയും കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ എടക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം നടന്ന സ്ഥലത്ത് എടക്കാട് പോലിസ് എത്തി പരിശോധന നടത്തി.

Tags: