സംസ്ഥാന പോലിസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി

Update: 2026-03-02 07:12 GMT

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സേവനകാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അടുത്ത വര്‍ഷം ജൂണ്‍ 30 വരെ അദ്ദേഹം സംസ്ഥാന ഡിജിപി ആയി തുടരും. ഈ പദവിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ സേവനകാലം ഉറപ്പാക്കണമെന്ന സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

1991 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ആസ്ഥാനത്തെ സ്‌പെഷല്‍ ഡയറക്ടറായിരിക്കെയാണ് 2025 ജൂണ്‍ 30നു സംസ്ഥാന പോലിസ് മേധാവിയായി നിയമിക്കപ്പെട്ടത്. മന്ത്രിസഭാ യോഗമാണ് നിയമനത്തിന് അനുമതി നല്‍കിയത്. തലശേരിയില്‍ അഡീഷണല്‍ എസ്പി ആയി സേവനം ആരംഭിച്ച അദ്ദേഹം പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ എസ്പി ആയി പ്രവര്‍ത്തിച്ചു. വിജിലന്‍സ്, എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് തുടങ്ങിയ വിഭാഗങ്ങളിലും ചുമതലയേറ്റിട്ടുണ്ട്. പോലിസ് ആസ്ഥാനത്ത് എഐജി ആയും കെഎപി 2, 3 ബറ്റാലിയനുകളില്‍ കമാന്‍ഡന്റായും സേവനം അനുഷ്ഠിച്ചു.

ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ഭാഗമായി ബോസ്‌നിയയില്‍ സേവനം അനുഷ്ഠിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരം, കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പദവിയും വഹിച്ചു. ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി ഡയറക്ടറായി ഭുവനേശ്വര്‍, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഐബിയില്‍ അഡീഷണല്‍ ഡയറക്ടറായി വിജയവാഡയിലും മുംബൈയിലും സേവനം അനുഷ്ഠിച്ചു. വിശിഷ്ട സേവനത്തിന് 2015ല്‍ രാഷ്ട്രപതിയുടെ പോലിസ് മെഡലും, സ്തുത്യര്‍ഹ സേവനത്തിന് 2009ല്‍ ഇന്ത്യന്‍ പോലിസ് മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ റവാഡ ചന്ദ്രശേഖര്‍ ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ രാജമുന്ദ്രി സ്വദേശിയാണ്.

Tags: