ആദിവാസികളെ ക്രിസ്ത്യാനികള്‍ മതം മാറ്റുന്നുവെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

Update: 2025-07-10 04:39 GMT
ആദിവാസികളെ ക്രിസ്ത്യാനികള്‍ മതം മാറ്റുന്നുവെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: വടക്കുപടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ ആദിവാസി വിഭാഗങ്ങളെ ക്രിസ്ത്യാനികള്‍ മതം മാറ്റുന്നുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. പെസ നിയമപ്രകാരം ആദിവാസി സ്വയംഭരണ പ്രദേശമാണ് നന്ദുര്‍ബാര്‍. ഈ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഭീല്‍, പാവ്‌റ ആദിവാസികളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് അന്വേഷിക്കുകയെന്ന് റെവന്യു മന്ത്രി ചന്ദ്രശേഖര്‍ ഭവാന്‍കുലെ പറഞ്ഞു. ഈ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളും അന്വേഷണ പരിധിയിലാണ്. ആദിവാസികളുടെ സാംസ്‌കാരിക തനിമ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു.

പണം നല്‍കിയും വശീകരിച്ചും ആദിവാസികളെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുകയാണെന്ന് പ്രദേശത്തെ എംഎല്‍എയായ പഡാല്‍ക്കര്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. ഏകദേശം 150 ദേവാലയങ്ങള്‍ ക്രിസ്ത്യാനികള്‍ നവാപൂര്‍ താലൂക്കിലും മറ്റും നിയമവിരുദ്ധമായി നിര്‍മിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മതപരിവര്‍ത്തനം തടയാന്‍ കൂടുതല്‍ കര്‍ശനമായ നിയമം കൊണ്ടുവരാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രദേശത്തെ എല്ലാ ക്രിസ്ത്യന്‍ പള്ളികളും പരിശോധിച്ച് നിയമവിരുദ്ധമായവയെ ആറു മാസത്തിനുള്ളില്‍ പൊളിച്ചു നീക്കുമെന്നാണ് പ്രഖ്യാപനം.