നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍

Update: 2026-04-20 05:45 GMT

തിരുവനന്തപുരം: നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ നടത്തുന്നുവെന്നാരോപിച്ചുമാണ് ഹര്‍ത്താല്‍.

മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്.

നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.കെ കെ സുരേഷ് ചെയര്‍മാനും സണ്ണി എം കപിക്കാട് ജനറല്‍ കണ്‍വീനറുമായി വിവിധ ദലിത്-ആദിവാസി സമുദായ-രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലാണ് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍.

Tags: